തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദനത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെനന് കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടര്‍ച്ചയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജാഗ്രത പറഞ്ഞ ഇടങ്ങളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്.
ബുധനാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും. എന്നാലിത് ചുഴലിക്കാറ്റായി മാറില്ല. ന്യൂനമര്‍ദമായിത്തന്നെ കരയിലേക്ക് കടക്കാനാണ് സാധ്യത. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ ഈ തീരങ്ങളില്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍; മലപ്പുറം, കോഴിക്കോട്, കാസര്‍കോട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍; ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍