തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കൊല്ലം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലനില്‍ക്കുമെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാസര്‍കോട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പുതുതായി യെല്ലോ അലര്‍ട്ട്.
ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈക്കത്ത് കനത്ത മഴയില്‍ വ്യാപകനാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 55 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായതെന്നാണ് പ്രാഥമിക കണക്ക്. പല വീടുകളുടെയും മേല്‍ക്കൂര പറന്ന് പോയി. മൂന്ന് പേര്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കടകളുടെ മേല്‍ക്കൂര പറന്നുപോയിട്ടുമുണ്ട്. പലയിടത്തും വൈദ്യുതപോസ്റ്റുകള്‍ കടപുഴകിയും ഒടിഞ്ഞും വീണു. വൈക്കം ടൗണിലും പരിസരത്തും ഇന്നലെ രാത്രി മുതല്‍ വൈദ്യുതിയില്ല. പോസ്റ്റുകളും മരങ്ങളും വീണ് കിടക്കുന്നതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ട സ്ഥിതിയാണ്.
വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്റെ മുകളില്‍ പാകിയിരുന്ന ഓടുകള്‍ പറന്നുപോയിട്ടുണ്ട്. ടിവി പുരത്തും വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേട് പറ്റി. ജില്ലയില്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഉംപുണ്‍ (Amphan) ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലൂടെ നീങ്ങുന്നത്. കാറ്റ് ശക്തമായതിനാല്‍ ഇതിന്റെ ഗതിയില്‍ വ്യത്യാസമുണ്ടാകുന്നുണ്ട്. നിലവില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഉംപുണി’ന് മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയാണ് നിലവിലുള്ളത്. ഇതിന്റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും ശക്തമായ കാറ്റും മഴയുമെത്തുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലും ശക്തമായ മഴയും കാറ്റും പെയ്യാന്‍ സാധ്യതയുണ്ട്. ചെന്നൈയുടെ വടക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവച്ചേക്കാനും സാധ്യത കല്‍പിക്കപ്പെടുന്നു.