പത്തനംതിട്ട: ഗവിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂഴിയാർ ചോരകക്കിയിൽ ആണ് മഴയത്ത് മരം വീണത്. ഒന്നര മണിക്കൂർ വാഹനങ്ങൾ തടസപ്പെട്ടു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തി പ്രാപിക്കുന്നുണ്ട്.
കണ്ണൂർ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണു. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് സംഭവം നടന്നത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
അതിനിടെ, കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 മണിക്ക് വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്‍റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.