KeralaNews

കോട്ടയത്ത് ശക്തമായ കാറ്റും മഴയും; ആശങ്കയില്‍ മുന്നണികള്‍

കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.

മോശം കാലാവസ്ഥ പോളിംഗ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍. ശക്തമായ പോരാട്ടം നടക്കുന്ന പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മുന്നണികളുമാണ് ആശങ്കയിലായിരിക്കുന്നത്. ജില്ലയിലൂടനീളം ശക്തമായ മഴയ്ക്ക് വീണ്ടും സാധ്യതയുണ്ടെന്നാണ് സൂചന.

പൂഞ്ഞാര്‍ മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഏഴ് വരെയാണ് പോളിംഗ് എങ്കിലും അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനാണ്. സന്ധ്യയാകുന്നതോടെ വൈദ്യുതി ഇല്ലാതെ ബൂത്തുകള്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button