KeralaNews

കൊച്ചിയിയിലെ അതിതീവ്ര മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം; സ്ഥിരീകരണം

കൊച്ചി:ഇന്‍ഫോപാര്‍ക്കിനെ അടക്കം വെള്ളത്തില്‍ മുക്കി എറണാകുളം തൃക്കാക്കരയില്‍ മേയ് 28ന് കനത്ത മഴയ്ക്കു കാരണമായത് മേഘവിസ്‌ഫോടനം ആണെന്നു സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്. തൃക്കാക്കരയിലെ കുസാറ്റ് ക്യാംപസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ (9.30-10.30)103 എംഎം മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒരു കിലോമീറ്റര്‍ അകലെ കളമശേരിയില്‍ ഐഎംഡി സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ ഇതേസമയം മണിക്കൂറില്‍ 100 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അന്നത്തേത് മേഘവിസ്‌ഫോടനമായി കണക്കാക്കുകയാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മേയ് 28ന് കളമശേരിയില്‍ പെയ്ത കനത്ത മഴയില്‍ മേഖലയാകെ വെള്ളക്കെട്ടിലായിരുന്നു. 

കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്തു നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. ഒരു പ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം.

മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണു മേഘവിസ്ഫോടനമുണ്ടാക്കുന്നത്. അത്തരം മേഘങ്ങൾക്കു ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണു മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ രൂപപ്പെട്ട് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം.

തുലാമഴയുടെ സമയത്തും കാലാവർഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും.ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണ രീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും.

അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തു കിലോമീറ്ററിലും മുകളിലത്തെ താപനില 40 മുതൽ 60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതു കാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button