തിരുവനന്തപുരം:അറബിക്കടലിലെ ന്യൂനമർദം അതിതീവ്രന്യൂനമർദമായിമാറി. ശനിയാഴ്ച ഇത് ടൗട്ടേ ചുഴലിക്കാറ്റായിമാറി ഗുജറാത്ത് തീരത്തേക്കു നീങ്ങും. ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.
ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദം വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ തീരത്തുനിന്ന് 310 കിലോമീറ്റർമാത്രം അകലെയായിരുന്നു. അതിനാൽ വടക്കൻ കേരളത്തിലാണ് മഴയും കാറ്റും കൂടുതൽ ലഭിച്ചത്. അഞ്ച് വടക്കൻ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്,. മഴയും കാറ്റും ഞായറാഴ്ചയും തുടരും.
ചുഴലിക്കാറ്റായി മാറിയശേഷം വടക്ക്, വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 18-ന് ഗുജറാത്ത് തീരത്തിനു സമീപമെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 175 കിലോമീറ്റർവരെ വേഗംപ്രാപിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ടൗട്ടേ.
റെഡ് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓറഞ്ച് അലർട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
യെല്ലോ അലർട്ട്
തിരുവനന്തപുരം, പാലക്കാട്
ദുരന്തനിവാരണസേന തയ്യാർ
കെടുതികളുണ്ടാക്കിയാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ വിന്യസിച്ചു. കരസേനയുടെ മൂന്നുസംഘങ്ങൾ കണ്ണൂരിലും കാസർകോടുമുണ്ട്. രണ്ടു സംഘങ്ങളെ തിരുവനന്തപുരത്ത് കരുതിയിട്ടുണ്ട്.
െബംഗളൂരുവിൽ എൻജിനിയറിങ് ടാസ്ക് ഫോഴ്സ് സന്നദ്ധമാണ്. തലസ്ഥാനത്ത് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി കൺട്രോൾ റൂമിലേക്ക് 1077 എന്ന നമ്പറിൽ വിളിക്കാം
വ്യാപക നാശനഷ്ടം, ഒരു മരണം
കനത്തമഴയിലും കാറ്റിലും കടലേറ്റത്തിലുമായി സംസ്ഥാനത്ത് വ്യാപകനാശം. തീരപ്രദേശത്തെ ഒട്ടേറെ വീടുകൾ തകരുകയും വെള്ളത്തിലാവുകയും ചെയ്തു. എറണാകുളം ചെല്ലാനത്ത് കടലേറ്റം തടയാൻ മൺതിട്ടയുണ്ടാക്കുന്നതിനിടെ വടക്കേ ചെല്ലാനം വലിയപറമ്പിൽ വി.വി. ആന്റണി (63) മുങ്ങിമരിച്ചു. ചേർപ്പിൽ കനത്തമഴയിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്കേറ്റു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രശ്നങ്ങൾ കൂടുതൽ.എറണാകുളത്തെ ഭൂതത്താൻകെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. നെയ്യാർഡാമിന്റെ ഷട്ടർ പത്ത് സെന്റീമിറ്ററും അരുവിക്കര ഡാമിന്റേത് 90 സെന്റീമിറ്ററും ഉയർത്തി.