31.1 C
Kottayam
Friday, May 17, 2024

പത്തനംതിട്ടയുടെ കിഴക്കൻമേഖലയിൽ കനത്ത മഴ; 2 ഡാമുകൾ തുറന്നു,ഗവിയിൽ നിയന്ത്രണം

Must read

പത്തനംതിട്ട: ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴ. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നു. വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി എന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അധികജലം ഒഴുകിയെത്തിയതോടെയാണ് ഡാം തുറന്നത്.

കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ മഴ ശക്തിപ്രാപിച്ചു. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയിക്കുന്നത്.

മൂഴിയാര്‍ ഡാമടക്കം തുറന്നുവിടുമെന്ന് നേരത്തെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പരമാവധി സംഭരണശേഷിയായ 196.23 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാത്രി 12 മണിക്കുശേഷം തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷട്ടറുകളാണ് മഴ ശക്തമായതിനെത്തുടര്‍ന്ന് തുറന്നത്. പമ്പയിലും മറ്റും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ഗവിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടപ്പെട്ടതിനെത്തുടര്‍ന്ന് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. കക്കി, ആനത്തോട് ഡാം വ്യൂപോയിന്റിനോട് ചേര്‍ന്ന് രണ്ടിടങ്ങളിലും പമ്പ ഡാമിന്റെ സമീപത്ത് ഒരിടത്തുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week