ഇടുക്കി: അതിശക്തമായ മഴയില്‍ മുങ്ങി ഇടുക്കി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ മരവും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തൂക്കുപാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി. ഇന്ന് വൈകീട്ടാണ് ഇടുക്കിയില്‍ മഴ കനത്തത്. മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ശക്തമായ മഴയാണ്. കുമളി-മൂന്നാര്‍ പാതയില്‍ തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
തൊടുപുഴ മാര്‍ക്കറ്റിലും വെള്ളം കയറി. ലോവര്‍ റേഞ്ചിലും കനത്ത മഴ തുടരുകയാണ്. ഉടുമ്പന്‍ചോല കള്ളിപാറയില് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാപകമായ മഴയാണ് ജില്ലയില്‍ എല്ലായിടത്തും രേഖപ്പെടുത്തുന്നത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യവും എല്ലായിടത്തുമുണ്ട്. അതേ ചില സ്ഥലങ്ങളില്‍ വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ദിണ്ഡുഗല്‍ ദേശീയപാതയില്‍ 35ാം മൈലിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
മലയോര മേഖലയിലള്ളവര് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. പത്തനംതിട്ട കുന്നംതാനത്ത് 3 മണിക്കൂറിനിടെ 117.4 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും, കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല.
ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും, കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഭരണങ്ങാനത്ത് സ്കൂള്‍ വിട്ട് വന്ന ഒന്‍പതാം ക്ലാസുകാരിയെ ശക്തമായ ഒഴുക്കില്‍ തോട്ടില്‍ വീണ് കാണാതായിരിക്കുകയാണ്. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. കോട്ടയം മലയോര മേഖലയില്‍ കനത്ത മഴ പെയ്തതിനാല്‍ നല്ല ഒഴുക്ക് എല്ലായിടത്തുമുണ്ടായിരുന്നു.
പെണ്‍കുട്ടി രണ്ട് പേര്‍ക്കൊപ്പം തോട് മുറിച്ച് കടക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘമടക്കം ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്.
അതേസമയം കുട്ടികള്‍ ഓട്ടോറിക്ഷയില്‍ വരുന്നതിനിടെയാണ് റോഡില്‍ വെള്ളം നിറഞ്ഞതും, കുട്ടി അതിലേക്ക് വീണ് ഒഴുക്കില്പ്പെടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.പിന്നാലെ വന്ന സ്കൂള്‍ ബസ്സിലെ ഡ്രൈവര്‍ ഇക്കാര്യം കണ്ടിട്ടുണ്ട്. ഇയാള്‍ ഓടിവന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരു കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു. ഈ തോട് ഒഴുകിയെത്തുന്നത് മീനച്ചിലാറിലേക്കാണെന്ന് നാട്ടുകാര്‍ പറഞ്ഞു.