KeralaNews

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. കോന്നി കൊക്കാത്തോട് മേഖലയിലാണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ശബരിമല തീർത്ഥാടകർക്കും ജാഗ്രത നിർദേശമുണ്ട്.

കല്ലാർ അണക്കെട്ട് തുറന്നു

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനെ തുട‍ർന്ന് ഇടുക്കി നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ പത്ത് സെൻ്റിമീറ്ററാണ് തുറന്നത്. സെക്കന്‍റിൽ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഇതോടൊപ്പം പൊന്മുടി അണക്കെട്ടും തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker