KeralaNews

കനത്ത മഴ:നാളെ അവധി മൂന്നുജില്ലകളില്‍

കണ്ണൂർ: കാലവർഷം അതിതീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ.സി.എസ്.സി./സി.ബി.എസ്.ഇ. സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ചൊവ്വാഴ്ച (25.07.2023) അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. എന്നാൽ പി.എസ്.സി. പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.

വയനാട് ജില്ലയിലും അവധി പ്രഖ്യാപിച്ചു

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (25.7.2023) അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കലക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25-07-2023) അവധി.

ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.ഔദ്യോഗികമല്ലാത്ത വ്യാജ വാർത്ത കൊടുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു.

വയനാട്ടിൽ രണ്ടുദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടി കോളനിയിൽ താമസിക്കുന്ന 14 കുടുംബങ്ങളിലെ 66 പേരെ തെക്കുംതറ അമ്മസഹായം യുപി സ്‌കൂളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. മരം വീണ് വീട് തകർന്നതിനെ തുടർന്ന് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ പോരൂർകുന്ന് പ്രദേശത്തുളള ഒരു കുടുംബത്തെ സമീപത്തുള്ള ക്ലബ് കെട്ടിടത്തിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

വേങ്ങപ്പള്ളി വില്ലേജിൽ കരിക്കിലോട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് നാലു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. കാട്ടത്തറ ഗ്രാമപഞ്ചായത്തിലെ നടുക്കുനി പൊയിൽ കോളനി, കള്ളംവെട്ടി മൂലവയൽ കോളനി എന്നിവിടങ്ങളിലെ ഏകദേശം 15 കുടുംബങ്ങളെ കരിങ്കുറ്റി സ്‌കൂളിൽ ആരംഭിക്കുന്ന ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയാണ് ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പെയ്തുകൊണ്ടിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു കെടുതികളുടെ വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്. അമ്പലവയൽ ഓടവയലിൽ മരം കടപുഴകി വീണ് വീട് തകർന്നു. മുരിങ്ങപ്പറമ്പിൽ സജിയുടെ വീടിനു മുകളിലേക്കാണ് വൻ വീട്ടിമരം കടപുഴകി വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരംവീണ ഭാഗത്തെ ഷീറ്റുകൾ തകർന്നു. കോൺക്രീറ്റ് മേൽക്കൂരക്കും ഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. സംഭവം നടക്കുമ്പോൾ വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും പരിക്കൊന്നുമില്ല.

കനത്ത മഴയിൽ മണിയങ്കോട് പുഴ കരകവിഞ്ഞ് കോക്കുഴി, മണിയങ്കോട് പ്രദേശങ്ങളിൽ വെള്ളം കയറി. മഴ ശക്തമായാൽ ഇവിടെ റോഡുകളിലേക്കും വെള്ളം കയറും. കാലവർഷത്തിൽ പതിവായി വെള്ളം കയറുന്ന പ്രദേശം കൂടിയാണിവിടം. കനത്ത മഴയെ തുടർന്ന് മാനന്തവാടി താഴയങ്ങാടി റോഡിൽ ചൂട്ടക്കടവ് റോഡിലേക്ക് തിരിയുന്ന കവലയോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആർക്കും പരിക്കോ, അപകടങ്ങളോയില്ല. കാലപ്പഴക്കത്താൽ ജീർണിച്ച അവസ്ഥയിലുള്ള കെട്ടിടത്തിന്റെ അരികും പിൻഭാഗവും ഉൾപ്പെടുന്ന സ്ഥലമാണ് നിലം പതിച്ചത്.

വയനാട്ടിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ശക്തമായ മഴ തുടരുന്നതിനാൽ ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവർത്തനത്തിനും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും മലയോരപ്രദേശങ്ങളിലേയ്ക്കുള്ള ട്രക്കിങ്ങിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധനം ഏർപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button