മംഗളൂരു: മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്.
മൂന്നാർ ദേവികുളം കോളനിയിൽ വീടിന് മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വിൽസൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ പതിച്ചത്. വിൽസനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എറണാകുളം പൂതൃകയിൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. പൂതൃക സ്വദേശി ഷിബുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.