തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യൂനമര്‍ദമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. കേരള കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. വരും ദിവസങ്ങളിലെ മുന്നറിയിപ്പുകള്‍ ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
അതേസമയം രാജ്യ തലസ്ഥാനത്തും സമീപത്തും കനത്ത മഴ തുടരുകയാണ്. 11 വര്‍ഷത്തിനിടെയുള്ള ശക്തമായ മഴയാണ് ഇത്തവണത്തേതെന്നാണു റിപ്പോര്‍ട്ട്. മഴ തുടരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലോടുകൂടിയ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുന്‍ഭാഗത്തും മറ്റ് ചില പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
”പെട്ടെന്നുള്ള കനത്ത മഴ കാരണം ഒരു ചെറിയ കാലയളവില്‍ മുന്‍ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. അത് പരിശോധിക്കാന്‍ ഞങ്ങളുടെ ടീം ഉടനടി അണിനിരന്നു, പ്രശ്‌നം പരിഹരിക്കപ്പെട്ടു. ”ഒരു ട്വീറ്റില്‍, ഡല്‍ഹി എയര്‍പോര്‍ട്ട് പറഞ്ഞു.