KeralaNews

കനത്ത മഴ തുടരുന്നു ;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓര്‍ഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഗ്രീന്‍ അലേര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പെട്ടതോടെ കര്‍ശന നിര്‍ദേശമാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പുറപ്പെടിവിച്ചത്. അവധി നിര്‍ദേശം പാലിക്കാത്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.

ഇടുക്കിയില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഇടവിട്ട് മഴ തുടരുന്നതിനാല്‍ പ്രശ്ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്ര നിരോധനവും തമിഴ്നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിര്‍ത്തി ആനച്ചാല്‍ വഴി പോകാനുമാണ് നിര്‍ദേശം

കല്ലാര്‍ കുട്ടി, പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. വയനാട് ജില്ലയില്‍ ഖനനത്തിന് കളക്ടര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നും നാളെയും ഖനനമോ മണ്ണെടുപ്പോ പാടില്ല.

വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. മീന്‍ പിടിക്കുന്നതിനും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം പെരുമ്പടപ്പ് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വെളിയങ്കോട്, പൊന്നാനി വില്ലേജുകളില്‍ 22 ആളുകളെ ബന്ധു വീടുകളിലേക്കും താമസം മാറ്റിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button