തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമാണ് അവധി.
പരീക്ഷകൾ മാറ്റി
കണ്ണൂർ, എംജി, എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടാകില്ല.
രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു.
മഴ മുന്നറിയിപ്പ്
വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും ഈ ദിവസങ്ങളിൽ അതീവ്ര ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഇന്നത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.
ഓറഞ്ച് അലർട്ട്
05-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡും, 06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
05-07-2023 : കൊല്ലം
06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08-07-2023 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.