കൊച്ചി: ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശേരിയിലാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകളാണ് പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ കാറുകളില്‍ ആരും ഉണ്ടായിരുന്നില്ല.
കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെ, കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തില്‍ പനമ്പള്ളിനഗര്‍ റോഡില്‍ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി.എം.ജിറോഡിലെ വ്യാപാരസ്ഥാപനങ്ങളുടെ ഗ്രൗണ്ട് ഫ്ളോര്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
നഗരത്തിനു പുറത്ത് പേട്ട ജംക്ഷന്‍, തോപ്പുംപടി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയില്‍ ചില പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴയ്ക്ക് ഉച്ചയായിട്ടും ശമനമില്ല.
അപ്രതീക്ഷിത പെരുമഴ പ്രതീക്ഷിയ്ക്കാതെ ജോലിയ്ക്കും മറ്റുമായി ഇരുചക്ര വാഹനങ്ങളില്‍ രാവിലെ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയവരാണ് ശരിക്കും കുടുങ്ങിയത്. പലരും പകുതി വഴിയിലെത്തി മടങ്ങിപ്പോകുന്നത് കാണാം. പല റോഡുകളിലും കുഴിയുള്ളത് അപകടമുണ്ടാക്കുന്നുണ്ട്.
പലയിടത്തും കാന തുറന്നിട്ട് അടച്ചിടാത്തതിനാല്‍ കാല്‍നടക്കാരും ദുരിതത്തിലായി. റോഡിന് വശങ്ങളിലൂടെ നടന്നു പോകാന്‍ ശ്രമിച്ചവര്‍ വഴി കാണാനാകാതെ കുടുങ്ങി. കടകളില്‍ പലതിലും വെള്ളം കയറിത്തുടങ്ങിയതോടെ അടച്ചിടേണ്ടി വന്നിട്ടുണ്ട്. പനമ്പള്ളി നഗറിലെ റസ്റ്ററന്റിലും സമീപത്തെ കടകളിലും വെള്ളം കയറിയതോടെ അടച്ചിടേണ്ടി വന്നു.