തിരുവനന്തപുരം: അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുവപ്പ് ജാഗ്രതാനിർദേശം പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതാനിർദേശവും നൽകി. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ ജാഗ്രതാനിർദേശമാണുള്ളത്.
ബംഗാൾ ഉൾക്കടലിനു മുകളിൽ തമിഴ്‌നാട് തീരത്തിനു സമീപം ഉയർന്നനിലയിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം നേരിയ, ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഓഗസ്റ്റ് എട്ടുവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും ബുധനാഴ്ച 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗം 60 കിലോമീറ്റർ വരെ ആയേക്കാവുന്നതിനാൽ ഇന്ന് മത്സ്യബന്ധനം പാടില്ലെന്നും അറിയിച്ചു. തൃശൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ണൂരിൽ കോളജുകളും പ്രഫഷനൽ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധിയാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഇന്നലെ വൈകിട്ട് 7ന് 70.91 ശതമാനമാണ് ജലനിരപ്പ്. 5 അടി കൂടി വെള്ളമെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കനത്ത മഴയിൽ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുണ്ടായി.
പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ കണ്ണംകുണ്ട് കോസ്‍വേയിൽ വച്ച് വെള്ളിയാർ പുഴയിൽ യുവാവിനെ ഒഴുക്കിൽപെട്ടു കാണാതായി. ഏലകുളവൻ സാബിത്തിനെയാണ് (24) കാണാതായത്.


