ഫിലാഡൽഫിയ: ചൊവ്വാഴ്ച പുലർച്ചെ നടന്ന ഫ്രാൻസ് – ഇറാഖ് ലോകകപ്പ് മത്സരം കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരമാണ് കനത്ത ഇടിമിന്നലിനെത്തുടർന്ന് ആദ്യ പകുതിക്കു ശേഷം നിർത്തിവെക്കേണ്ടി വന്നത്. ഇതാദ്യമായാണ് ലോകകപ്പ് ടൂർണമെന്റിൽ മോശം കാലാവസ്ഥ കാരണം ഒരു മത്സരം തടസപ്പെടുന്നത്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ നഗരത്തിൽ പ്രളയ മുന്നറിയിപ്പുണ്ടായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്ക് കളി ആരംഭിച്ചെങ്കിലും, ആദ്യ പകുതിക്ക് ഏകദേശം അരമണിക്കൂർ മുൻപ് തന്നെ കനത്ത മഴ തുടങ്ങി.
ഇടവേളയ്ക്കു ശേഷം കളി നിർത്തിവെക്കുമ്പോൾ കിലിയൻ എംബാപ്പെ നേടിയ ഗോളിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് രണ്ടാം പകുതി കൃത്യസമയത്ത് ആരംഭിക്കില്ലെന്ന് സംഘാടകർ അറിയിക്കുകയും, കാണികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയുമായിരുന്നു.
അമേരിക്കയിലെ ഇടിമിന്നൽ പ്രോട്ടോക്കോൾ പ്രകാരം, സ്റ്റേഡിയത്തിന്റെ എട്ട് മൈൽ (12 കി.മീ) ചുറ്റളവിൽ ഇടിമിന്നലോ മറ്റ് വൈദ്യുത പ്രവർത്തനങ്ങളോ രേഖപ്പെടുത്തിയാൽ കളി ഉടൻ നിർത്തണമെന്നാണ് ചട്ടം. കളിക്കാരും ഉദ്യോഗസ്ഥരും ഡ്രസ്സിങ് റൂമുകളിലേക്ക് മടങ്ങണം. കാണികളെ സ്റ്റേഡിയത്തിനുള്ളിലെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റണം. മത്സരം പുനരാരംഭിക്കണമെങ്കിൽ, അവസാനത്തെ മിന്നൽ രേഖപ്പെടുത്തിയ ശേഷം 30 മിനിറ്റ് നേരത്തേക്ക് പുതിയ മിന്നലുകൾ ഉണ്ടാകാൻ പാടില്ല. 30 മിനിറ്റിനിടെ വീണ്ടും മിന്നലുണ്ടായാൽ കാത്തിരിപ്പ് സമയം വീണ്ടും 30 മിനിറ്റായി പുനഃക്രമീകരിക്കും. ഈ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്താൻ ഫിഫയ്ക്ക് അധികാരമില്ല. ഇതോടെയാണ് മത്സരം മണിക്കൂറുകളോളം വൈകിയത്. പിന്നീട് പുനരാരംഭിച്ച മത്സരം ഫ്രാൻസ് ജയിച്ചു (3-0).
ഫിലാഡൽഫിയയിൽ മാത്രമല്ല, ന്യൂയോർക്കിലും സമാനമായ കാലാവസ്ഥാ ഭീഷണി നിലനിന്നിരുന്നു. കഴിഞ്ഞ വർഷം നടന്ന ക്ലബ് ലോകകപ്പിലും കാലാവസ്ഥാ പ്രശ്‌നങ്ങൾ കാരണം ആറോളം മത്സരങ്ങൾ തടസ്സപ്പെട്ടിരുന്നു. അതിൽ ചെൽസിയും ബൊറൂസ്സിയ ഡോർട്മുണ്ടും തമ്മിലുള്ള മത്സരം പൂർത്തിയാക്കാൻ ഏകദേശം നാല് മണിക്കൂറിലധികം സമയമെടുത്തു.


