തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ട്. അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടകത്തിനും, തമിഴ്‌നാടിനും സമാനമായ നിര്‍ദ്ദേശമുണ്ട്. കാവേരിയുടെ തടങ്ങളില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് നിർദേശമുണ്ട്.
സെപ്റ്റംബർ ആറു വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത നാല് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 10 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടിയ മഴയാണ് ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ഓഗസ്റ്റ് 29 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 1624 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 8% കുറവാണ്. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയിൽ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാൾ 77% കുറവ് മഴയാണ്