തിരുവനന്തപുരം:കേരളത്തിൽ വരുന്ന അഞ്ചുദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യും. ഇതിൽ വ്യാഴാഴ്ചയായിരിക്കും കൂടുതൽ. മലയോരങ്ങളിൽ തീവ്രമാകാനും ഇടയുണ്ട്. ഒരുസ്ഥലത്ത് ചെറിയ സമയത്തിൽ വൻതോതിൽ മഴപെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
മലയോരങ്ങളിൽ കൂടുതൽ ജാഗ്രതവേണം -മുഖ്യമന്ത്രി
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കർശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെയും നദിക്കരയിൽ അപകടകരമായ സാഹചര്യങ്ങളിൽ വസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകി.
പകൽസമയം മഴ മാറിനിൽക്കുന്നതുകണ്ട് അമിത ആത്മവിശ്വാസം കാണിക്കേണ്ടതില്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കും മാറ്റങ്ങൾ സംഭവിക്കാം. അതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
സേന സജ്ജം
പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളിൽ ദുരന്ത പ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചു.
കൺട്രോൾ റൂമുകൾ തുറന്നു
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ താലൂക്ക് തലത്തിൽ എല്ലാജില്ലകളിലും തുറന്നു.
254 ദുരിതാശ്വാസ ക്യാമ്പുകൾ
ഒക്ടോബർ 11-ന് തുടങ്ങിയ മഴക്കെടുതിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീജില്ലകളിൽ പുതുതായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആകെ 254 ക്യാമ്പുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ മരണം 39
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ഈ മാസം 12 മുതൽ 19 വരെ കേരളത്തിൽ 39 പേർ മരിച്ചുവെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അഞ്ച് പേരെ കണ്ടെത്താനുണ്ട്. റെഡ് അലർട്ട് എന്ന പോലെ സ്ഥിതി നേരിടും- അദ്ദേഹം പറഞ്ഞു.