ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിന്റേയും വൈകുന്നതിന്റേയും പശ്ചാത്തലത്തിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിൽ വാർ റൂം ആരംഭിക്കുന്നതടക്കം ആറ് മാർഗനിർദേശങ്ങളാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ചൊവ്വാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
വിമാനയാത്രക്കാർ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് ജ്യോതിരാദിത്യ സിന്ധ്യ എക്സിൽ കുറിച്ചു. വിമാനയാത്രയ്ക്ക് എന്തെങ്കിലും തടസം നേരിടുകയാണെങ്കിൽ ഉടൻ തന്നെ അക്കാര്യം യാത്രക്കാരെ അറിയിക്കണമെന്നും ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥർ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ഡൽഹി വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് മുംബൈയിലേക്ക് വരേണ്ടതും മുംബൈയിൽനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ടതുമായ 33 വിമാന സർവീസുകളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. രാജ്യത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ് ഡൽഹി. ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈ. മുംബൈയെക്കൂടാതെ ഡൽഹിയിൽനിന്ന് മറ്റിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കേണ്ടിവന്നിട്ടുണ്ട്.
മുംബൈയിൽ എത്തേണ്ട 18 സർവീസുകളും ഇവിടെനിന്ന് പുറപ്പെടേണ്ട 15 സർവീസുകളുമാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്. മറൈൻ ഡ്രൈവിൽ വ്യോമസേനയ്ക്ക് ആകാശാഭ്യാസങ്ങൾ കാണിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെയും മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. പോർട്ട് ലൂയിസിൽനിന്ന് ഡൽഹിയിലേക്ക് വന്ന മൗറീഷ്യസ് വിമാനം ഡൽഹിയിൽ ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് മുംബൈയിൽ ഇറക്കേണ്ടിവന്നു. ഇതിലുണ്ടായിരുന്ന 169 യാത്രക്കാരെ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കയാണ്.