സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത;ചൂട് കടുത്തതോടെ പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ന് മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം താപനില 39.8 ഡിഗ്രിയിലെത്തിയതോടെ പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാകുക. ചൂട് കനക്കുമെന്ന നിര്‍ദേശം ലഭിച്ചതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.

വൈദ്യുതി ഉപയോഗം കുതിച്ചതോടെ പ്രതിസന്ധി പരിഹരിക്കാനാണ് കെഎസ്ഇബി നീക്കം. അധിക നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ആലോചന. ഏറ്റവും ചൂടുള്ള പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. കനത്ത ചൂടില്‍ നിര്‍ജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയതോടെ പവര്‍ എക്‌സേഞ്ചില്‍ നിന്ന് ഒരു മാസത്തേയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷനോട് കെഎസ്ഇബി അനുമതി തേടി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവാണ് തേടുന്നത്. അനുമതി കിട്ടിയാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News