തിരുവനന്തപുരം:ജനുവരി പകുതിയാകുംമുൻപ് സംസ്ഥാനത്ത് ചൂടുകൂടി. കേരളത്തിന്റെ മധ്യ-വടക്കൻ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വർധിക്കുന്നത്. മധ്യകേരളം മുതൽ വടക്കോട്ട് പലയിടങ്ങളിലും 35 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞദിവസം ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയത് കാസർകോട് പാണത്തൂരിലാണ്, 38.3 ഡിഗ്രി സെൽഷ്യസ്. എറണാകുളം ചൂണ്ടി- 38.1, ചെമ്പേരി- 37.4 എന്നീ സ്ഥലങ്ങളാണു തൊട്ടുപിന്നിൽ. വടക്കൻ പറവൂർ- 37.3, ഇരിക്കൂർ- 37, ആറളം- 36.9, നിലമ്പൂർ-36.6, തിരുവല്ല- 36.5, അയ്യങ്കുന്ന്- 36.4, പിണറായി- 36.1, കളമശ്ശേരി- 36, കുന്നന്താനം- 36, പാലേമാട്- 35.9, മുണ്ടേരി- 35.8, കുന്നമംഗലം- 35.4, ചേർത്തല- 35.8, തൈക്കാട്ടുശ്ശേരി-35.7, കാസർകോട് ബയാർ- 35.7, പെരിങ്ങോം- 35.7, എരിക്കുളം- 35.2, കോഴിക്കോട്-35.2, സീതത്തോട്- 35.2, കോട്ടയം-35 തുടങ്ങിയ സ്ഥലങ്ങളിലാണ് 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടനുഭവപ്പെട്ടത്.
ലോകത്തെ വിവിധപ്രദേശങ്ങളിൽ വരൾച്ചയുണ്ടാകാൻ എൽ നിനോ കാരണമാകുന്നു. ദക്ഷിേണന്ത്യയിൽ മൺസൂൺ ദുർബലമാകാനും ഇതിടയാക്കുന്നു. കാറ്റിന്റെ ദിശയിൽ മാറ്റംവരും. ഇതു ചൂടുയരാൻ കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിമർദമേഖലയും രൂപപ്പെടും. ഇപ്പോൾ തെക്കേ ഇന്ത്യയുടെ ഭാഗങ്ങളിൽ എൽ നിനോ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിൽ ചൂടുയരുന്നത്. മഴ മാറിയതോടെ പകൽ താപനില ഉയർന്നതിനാൽ വരുംദിവസങ്ങളിലും സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറഞ്ഞു.
പസഫിക് സമുദ്രത്തിൽ കാണപ്പെടുന്ന സവിശേഷമായ കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. പസഫിക്കിലെ മധ്യഭാഗത്ത് ഭൂമധ്യരേഖയ്ക്കു ചുറ്റുമായി ഒരു നിശ്ചിതപ്രദേശത്ത് സമുദ്രത്തിന്റെ ഉപരിതലത്തിൽ അസാധാരണ ചൂട് രൂപപ്പെടും. ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കു സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗം കുറയുകയും ചൂടുവെള്ളം കിഴക്കോട്ടു തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എൽ നിനോയ്ക്കു കാരണം. ഇതിന്റെ ഫലമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതല താപനില ശരാശരിയെക്കാൾ കൂടുതലാകും. ഭൂമിയിൽ സാധാരണഗതിയിൽ ലഭ്യമാകുന്ന മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ദിശയും സമയക്രമവും മാറ്റാൻ ഈ പ്രതിഭാസത്തിനു കഴിയും.
എൽ നിനോ പ്രതിഭാസത്തിനൊപ്പം അറബിക്കടൽ ചൂടുപിടിച്ച സ്ഥിതിയുമുണ്ട്. അതിനാൽ തീരദേശമേഖലകളിലെല്ലാം വരുംദിവസങ്ങളിൽ ഒന്നുമുതൽ രണ്ടുഡിഗ്രി സെൽഷ്യസ് വരെ ശരാശരിയെക്കാൾ ചൂടുയരും. ഇടയ്ക്ക് ശീതതരംഗത്തിന്റെ സാന്നിധ്യംമൂലം ഒന്നോ രണ്ടോ ദിവസം ചൂടു കുറഞ്ഞെന്നുംവരാം.