ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക 11 ദിവസത്തിനു ശേഷം മരിച്ചു. മഞ്ചേരിയല്‍ ജില്ലയിലെ കാശിപേട്ട് സ്വദേശിയായ 55കാരിയാണ് ശനിയാഴ്ച രാത്രി മരിച്ചത്. അവര്‍ക്കുണ്ടായിരുന്ന അസുഖങ്ങളാണ് മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
ജനുവരി 19ന് കാശിപേട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ വാക്സിന്‍ സ്വീകരിച്ചത്. ജനുവരി 29ന് ശ്വാസതടസ്സവും ബോധക്ഷയവും അനുഭവപ്പെട്ട ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക മാറ്റുകയായിരുന്നു.
എന്നാല്‍ നിംസിലെ ചികിത്സ കൊണ്ടും ഫലമുണ്ടായില്ല. ജനുവരി 30ന് രാത്രി 11 മണിയോടെ അവര്‍ മരണമടഞ്ഞു. കോവിഡ് വാക്സിനേഷന്‍ മൂലമല്ല, അവര്‍ക്കുണ്ടായിരുന്ന രോഗാവസ്ഥയാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായിരുന്ന തകരാറുകളും രക്തസമ്മര്‍ദ്ദവും മൂലമുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
നേരത്തെ നിര്‍മ്മല്‍ ജില്ലയില്‍ 42 കാരനായ ആംബുലന്‍സ് ഡ്രൈവറും വാറങ്കല്‍ ജില്ലയില്‍ 45 കാരനായ ആരോഗ്യ പ്രവര്‍ത്തകനും വാക്സിന്‍ സ്വീകരിച്ചതിനു പിന്നാലെ മരണമടഞ്ഞിരുന്നു. ഇവരും ജനുവരി 19നാണ് വാക്സിന്‍ സ്വീകരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ പിറ്റേന്നും ആരോഗ്യപ്രവര്‍ത്തകന്‍ ജനുവരി 23നുമാണ് മരിച്ചത്.