തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്നും തരൂര്‍ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
‘എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോര്‍ണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നത്’ ബജറ്റിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ 1,957 കോടി രൂപയാണ് കൊച്ചി മെട്രോയ്ക്ക് വകയിരുത്തിയിരിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക് വരെയുള്ള 11.5 കിലോമീറ്ററിന് വരുന്ന ആകെ തുകയാണിത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയ പാര്‍ലമെന്ററി സമിതി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.