25.1 C
Kottayam
Thursday, May 16, 2024

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും; ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: കൊവിഡ് മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 1183 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം ജില്ലാതല ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ സജ്ജീകരിച്ചിട്ടുള്ളതാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശി വേദന മുതല്‍ ഹൃദ്രോഗവും മറ്റ് ജീവിതശൈലി രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോസ്റ്റ് കൊവിഡ് ചികിത്സ ഫലപ്രദമാക്കുന്നതിന് ആശാപ്രവര്‍ത്തകരുടെ സഹായത്തോടുകൂടി ഫീല്‍ഡ്തലം മുതല്‍ രോഗ മുക്തരായവരെ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള പോസ്റ്റ് കൊവിഡ് ക്ലിനിക്കിലേക്ക് എത്തിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഈ രോഗികളെ പരിശോധിക്കുന്നതാണ്. ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതോടൊപ്പം തുടര്‍ നിരീക്ഷണത്തിനായി ഇവരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സജ്ജമാക്കിയ സ്‌പെഷ്യാലിറ്റി, പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ക്കും വേണ്ടി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. പോസ്റ്റ് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week