തിരുവനന്തപുരം:രണ്ടാംതരംഗമവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ എത്താത്തതും വലിയ വെല്ലുവിളിയാണ്.
സീറോ സർവ്വേ പ്രകാരം 42.7 ശതമാനം പേരിലാണ് കൊവിഡ് പ്രതിരോധ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ബാക്കി 55 ശതമാനത്തിലധികം പേരും ഇനിയും രോഗബാധയ്ക്ക് സാധ്യതയുള്ളവരാണ്. കേരളത്തിൽ കേസുകൾ രണ്ടാംതരംഗം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നുവെങ്കിലും കേസുകൾ വീണ്ടും ഉയരുകയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേർക്ക് ആദ്യ ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകാനാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. സ്ഥിരീകരിച്ച തീവ്രവകഭേദവും, ഉടനെ പ്രതീക്ഷിക്കുന്ന മൂന്നാംതരംഗവും മുന്നിൽക്കണ്ടാണ് പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന മുന്നറിയിപ്പുകൾ.
അതേസമയം കേസുകൾ കൂടുമ്പോഴും ഗുരുതര രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാത്തത് മാത്രമാണ് ആശ്വാസം. ഇപ്പോഴും ഐസിയുകൾ 43 ശതമാനവും വെന്റിലേറ്ററുകൾ 38 ശതമാനവും ഓക്സിജൻ കിടക്കകൾ 53 ശതമാനവും ഒഴിവാണ്. പൊടുന്നനെ വ്യാപനമുണ്ടായാൽ ഇത് നിറഞ്ഞു കവിയുകയും മരണസംഖ്യ കൂടുകയും ചെയ്യും. അതേസമയം ഇനിയും അടച്ചിട്ടുള്ള പ്രതിരോധം തുടരുന്നതിലും ഭിന്നാഭിപ്രായങ്ങൾ ശക്തമാവുകയാണ്.