മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധ താരമാണ് ഇന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. താരപുത്രനെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും ധ്യാനിനെ ആരാധകർക്ക് കൂടുതൽ പ്രിയങ്കരനാക്കുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമ അരങ്ങേറ്റം.
അവിടെ നിന്നിങ്ങോട്ട് പത്തോളം സിനിമകളിൽ അഭിനയിച്ച ധ്യാൻ മൂന്ന് സിനിമകൾക്ക് തിരക്കഥ എഴുതുകയും ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം എഴുതി സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അച്ഛനെയും ചേട്ടനെയും പോലെ ഭാവിയിൽ മലയാള സിനിമയിൽ താനും നിറഞ്ഞു നിൽക്കുമെന്ന് ഇതിനോടകം ധ്യാൻ തെളിയിച്ചു കഴിഞ്ഞു. നിരവധി ചിത്രങ്ങളാണ് ധ്യാനിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
അതേസമയം, ധ്യാനിനെ എപ്പോഴും ലൈം ലൈറ്റിൽ നിർത്തുന്നത് ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ തന്നെയാണ്. വെട്ടി തുറന്ന് എല്ലാം പറയുന്ന ധ്യാനിന്റെ അഭിമുഖങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. എന്നാൽ ധ്യാനിനെ അടുത്തറിയുന്ന എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമായിരുന്നു ധ്യാൻ അഭിമുഖങ്ങൾ നൽകാൻ തുടങ്ങിയത് എന്ന് പറയുകയാണ് ധ്യാനിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വർഗീസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ധ്യനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് അജു ഇക്കാര്യം പറഞ്ഞത്. അജു വർഗീസിന്റെ വാക്കുകൾ ഇങ്ങനെ.
‘വിനീതുമായുള്ള സൗഹൃദം പോലെയല്ല ധ്യാൻ ശ്രീനിവാസനുമായുള്ള സൗഹൃദം. ധ്യാനിനോട് നമ്മുക്ക് എന്തും പറയാം. അവൻ അഭിമുഖങ്ങളിൽ നമുക്കിട്ടു പണി തരും. നമ്മളത് അതേ സ്പിരിറ്റിൽ എടുത്ത് നമ്മുടെ അഭിമുഖത്തിൽ അവനിട്ടു പണി കൊടുക്കും. ഒരു അഭിമുഖത്തിൽ അവൻ പറയുന്നുണ്ട്. ‘രണ്ട് മിനിറ്റ് അജുവിനോടു സംസാരിച്ചു കഴിഞ്ഞാൽ അയാൾ ഭയങ്കര വിവരമുള്ളവനാണെന്ന് തോന്നും രണ്ടു മിനിറ്റ് കൂടി കഴിഞ്ഞാൽ തോന്നും ഇയാൾ ഒരു മരയൂള ആണെന്ന്’.
‘ധ്യാൻ ശ്രീനിവാസൻ അജു വർഗീസിനെ തേച്ചൊട്ടിക്കുന്നു’ എന്ന ക്യാപ്‌ഷനോടെ വന്ന ആ വിഡിയോ കണ്ടത് പതിനാറു ലക്ഷത്തിലധികം ആളുകളാണ്. ധ്യാൻ അഭിമുഖങ്ങൾ കൊടുത്തു തുടങ്ങിയ സമയത്തു ഞാൻ സത്യത്തിൽ ഒന്നു ഞെട്ടി. ഞാൻ മാത്രമല്ല, അവനെ അടുത്തറിയുന്ന പലരും ഞെട്ടി. ഈ ധ്യാൻ നിങ്ങളൊന്നും കാണുന്ന ധ്യാനേ അല്ല. വളരെ അന്തർമുഖനായ ഒരാളായിരുന്നു. സ്വന്തം മുറിയിൽ നിന്ന് ഒരു മാസം വരെ പുറത്തിറങ്ങാതെ ഇരിക്കും,’
‘അങ്ങനെയുള്ള ഒരാളായിരുന്നു. അവൻ ഒരു ദിവസം പുറത്തിറങ്ങി സംസാരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും ഞെട്ടി. ഞെട്ടി ഞെട്ടി ഇപ്പോൾ അതു ഞങ്ങൾക്ക് ശീലമായി. ധ്യാൻ ഇന്റർവ്യൂ കൊടുക്കുന്നു എന്നു കേൾക്കുമ്പോൾ അടുത്തത് എന്തായിരിക്കും എന്നാണു നമ്മളൊക്കെ ആലോചിക്കുന്നത്,’ അജു പറഞ്ഞു.
വിനീതുമായുള്ള സൗഹൃദത്തെ കുറിച്ചും അജു വർഗീസ് സംസാരിക്കുന്നുണ്ട്. ‘ഞാനും വിനീതും ചെന്നൈയിലെ കെസിജി കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. അന്നും വിനീത് അദ്ദേഹത്തിന്റെ സമപ്രായക്കാരെക്കാൾ കൂടുതൽ പക്വത കാണിച്ചിരുന്നു. മറ്റുള്ളവർക്ക് എപ്പോഴും പകർത്താൻ തോന്നുന്ന നല്ല സ്വഭാവങ്ങളാണ് വിനീതിനുള്ളത്. നമ്മളത് എടുക്കാറില്ല, അല്ലെങ്കിൽ നമ്മളെക്കൊണ്ടതു പറ്റാറില്ല,’
‘അന്ന് വിനീത് എന്റെ സുഹൃത്തായിരുന്നെങ്കിൽ സിനിമയിൽ വന്നതിനുശേഷം അദ്ദേഹം എന്റെ ഒരു മെൻഡർ ആയി. ഗുരുവെന്നോ വഴികാട്ടിയെന്നോ ഒക്കെ പറയാം. ഞാൻ ഇന്നുവരെ ചാൻസ് ചോദിക്കാത്ത ആളും വിനീത് ആണ്. കാരണം, വിനീത് എനിക്ക് അറിഞ്ഞ് അവസരങ്ങൾ തരുന്ന ആളാണ്. അങ്ങനെയൊരാളോടു പിന്നേയും ചാൻസ് ചോദിക്കുമ്പോൾ ‘ഇവനിത് ഇനിയും മതിയായില്ലേ’ എന്നു പുള്ളിക്കു തോന്നില്ലേ. ബാക്കി എല്ലാവരോടും ഞാൻ ചാൻസ് ചോദിക്കും,’ അജു പറഞ്ഞു.