അടി കൊടുത്തതിന് ശേഷമാണ് പിന്നെ സംസാരിച്ചത്; മോശമായി സംസാരിച്ച ആളെ തല്ലിയതോര്‍ത്ത് സുരഭി ലക്ഷ്മി

കൊച്ചി:ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സുരഭിയെ തേടിയെത്തി. കുറുപ്പ് ആണ് സുരഭിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ.

തന്നോട് മോശമായി സംസാരിച്ച ആളെ തല്ലിയ സംഭവത്തെക്കുറിച്ച് ഓര്‍ത്ത് നടി സുരഭി ലക്ഷ്മി. ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് സുരഭി ഒരാളെ തല്ലിയെന്നായിരുന്നു അന്ന് വാർത്തകൾ വന്നത്. എന്നാൽ അത് സംഭവിച്ചത് ഷൂട്ടിങ് സെറ്റിൽ വച്ചല്ലെന്നും തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് താന്‍ ഒരാളെ തല്ലിയതെന്നും ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ സുരഭി പറയുന്നു.

കോളേജില്‍ കലോത്സവം നടന്നു കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് തന്നോട് മോശമായി സംസാരിക്കുകയായിരുന്നു. അതേ തുടര്‍ന്നാണ്‌ താന്‍ അങ്ങനെ റിയാക്ട് ചെയ്തതെന്നും സുരഭി വ്യക്തമാക്കി.

“അടി കൊടുത്തതിന് ശേഷമാണ് പിന്നെ സംസാരിച്ചത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന്‍ മോശമായി പറഞ്ഞുവെന്ന് പറഞ്ഞ് കൂട്ട തല്ലായി.” ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്ന തിരിച്ചറിവാണ് ആ സമയത്ത് അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം തന്നതെന്ന് സുരഭി വെളിപ്പെടുത്തി.

ചെറുപ്പം മുതലേ വീട്ടില്‍ എല്ലാ കാര്യത്തിനും സ്വാതന്ത്ര്യം തന്നിരുന്നു. തന്‍റെ കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് നോക്കിയത്. പണ്ടേ താനൊരു വിപ്ലവകാരിയാണെന്നും സുരഭി അഭിമുഖത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News