കൊച്ചി: തിരുവനന്തപുരം വെള്ളറടയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. യുവതിയുടെ പരാതി വ്യാജമെന്ന് ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
സംഭവത്തില്‍ പാങ്ങോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പീഡനം നടന്നില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം അനുവദിച്ചു.