കുമളിയില്‍ കനത്തമഴ,സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; വീടുകളില്‍ വെള്ളംകയറി

ഇടുക്കി: ജില്ലയില്‍ കനത്തമഴ തുടരുന്നു. കുമളി മേഖലയില്‍ ശനിയാഴ്ച രാത്രിമുതല്‍ അതിശക്തമായ മഴയാണ് പെയ്തത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് വീണ മണ്‍കൂനയില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറപ്പിള്ളിവീട്ടില്‍ തങ്കച്ചന്‍ ആണ് മരിച്ചത്. കുമളി-ആനവിലാസം റോഡില്‍ വെള്ളാരംകുന്നില്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു അപകടം.

ശനിയാഴ്ച രാത്രി ഏഴുമുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിനിടെ കടയടച്ച് വീട്ടിലേക്ക് പോവുന്നതിനിടെയാണ് തങ്കച്ചന്‍ അപകടത്തില്‍പ്പെട്ടത്. മഴ കാരണം റോഡിലേക്ക് വീണ കല്ലും മണ്ണും ശ്രദ്ധയില്‍പ്പെടാതെ സ്‌കൂട്ടര്‍ ഇതിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തങ്കച്ചന്റെ തലയടക്കം മണ്ണില്‍കുടുങ്ങിപ്പോയെന്നാണ് വിവരം. മൃതദേഹം കട്ടപ്പന ഗവ. ആശുപത്രിയിലേക്ക് മാറ്റി.

കനത്തമഴയെ തുടര്‍ന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വീടുകളിലും കടകളിലും വെള്ളംകയറി. വീട്ടില്‍ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. കുമളി ടൗണ്‍, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈല്‍, പെരിയാര്‍ കോളനി എന്നിവിടങ്ങളിലാണ് വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായത്.

രാത്രി പതിനൊന്നോടെ ഹോളിഡേ ഹോമിനുസമീപമുള്ള വീട്ടില്‍ കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവരാണ് കുടുങ്ങിയത്. നാട്ടുകാരും കുമളി പോലീസും ചേര്‍ന്ന് വടംകെട്ടി സാഹസികമായാണ് നാല് പേരെയും സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത്. പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ. ജലനിരപ്പ് റൂള്‍കര്‍വിന് മുകളിലെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കി. 10 മണിക്കൂര്‍ക്കൊണ്ട് അണക്കെട്ടില്‍ ഉയര്‍ന്നത് ആറടിയിലധികം വെള്ളം. അണക്കെട്ട് ഈവര്‍ഷം തുറക്കുന്നത് ഇത് രണ്ടാംതവണ. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം 137.75 അടി വെള്ളമാണ് സംഭരിക്കാന്‍ കഴിയുക. വെള്ളിയാഴ്ച രാവിലെ 132 അടിയായിരുന്നു ജലനിരപ്പ്.

രാത്രി പതിനൊന്നരയോടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 41,000 ഘനയടിയിലെത്തി. സ്പില്‍വേ ശനിയാഴ്ച തുറക്കേണ്ടിവരുമെന്ന് തമിഴ്നാട്, ഇടുക്കി ജില്ലാഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി. എന്നാല്‍ റൂള്‍കര്‍വ് നിരപ്പില്‍ എത്തിയാലും രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് ഇടുക്കി ജില്ലാഭരണകൂടം നേരത്തേതന്നെ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിയതോടെ ശനിയാഴ്ച അണക്കെട്ടിന്റെ 13 സ്പില്‍വേ ഷട്ടറുകളും ഒരുമീറ്റര്‍ ഉയര്‍ത്തി പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 7305 ഘനയടിയാക്കി.

മുല്ലപ്പെരിയാര്‍ തുറന്നെങ്കിലും ഇടുക്കി അണക്കെട്ടില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒഴുകിയെത്തുന്ന വെള്ളം ഇടുക്കിയില്‍ സംഭരിക്കാനാകും. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 2408.5 അടിയാണ്. നിലവില്‍ ഇവിടെ 2381.82 അടി വെള്ളം മാത്രമാണുള്ളത്.

അറബിക്കടലില്‍ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദവും കാരണം കേരളത്തില്‍ മഴ അതിശക്തമാകും. മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പു നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News