ചണ്ഡീഗഡ്: ഹരിയാനയില്‍ സംഘര്‍ഷം ഉടലെടുത്ത നൂഹ് ജില്ലയിൽ ഇൻർനെറ്റ് നിരോധനം നീക്കി. ജൂലൈ 31ന് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നായിരുന്നു നൂഹിൽ ഇന്റർനെറ്റ്, എസ്എംഎസ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത്.
കഴിഞ്ഞ മാസം നൂഹില്‍ വിഎച്ച്പി ശോഭായാത്ര ആള്‍ക്കൂട്ടം തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. ശോഭായാത്രയിൽ മോനു മനേസർ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് സംഘർഷങ്ങളിലേക്ക് നയിച്ചത്. അത് പിന്നീട് ഗുരുഗ്രാമിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു.
ഭിവാനിയിൽ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ കൊന്ന കേസിൽ മോനു മനേസർ ഒളിവിലാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്‌ഐആറുകൾ ഫയൽ ചെയ്തു. 390-ലധികം പേരുടെ അറസ്റ്റ് രേഖപെടുത്തിയതായും 118 പേരെ കസ്റ്റഡിയിലെടുത്തിയതായും അധികൃതർ അറിയിച്ചു.
പിന്നാലെയാണ് നൂഹിലും പല്‍വല്‍ ജില്ലയിലുമായി ഇന്റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം.
ബുധനാഴ്ച ഹിസാറിൽ അക്രമത്തെ അപലപിച്ച് ഹരിയാനയിൽ നിന്നുള്ള ഖാപ്പുകൾ, കർഷക യൂണിയനുകൾ, മതനേതാക്കൾ എന്നിവരുൾപ്പെട്ട സംഘം ‘മഹാപഞ്ചായത്ത്’ നടത്തി. ഭാരതീയ കിസാൻ മസ്ദൂർ യൂണിയൻ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ വിവിധമതനേതാക്കൾ പങ്കെടുത്തു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ മതത്തിൽപ്പെട്ടവരും പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചിരുന്നു.