CrimeKeralaNews

കണ്ണൂരിൽനിന്നു ജയില്‍ചാടിയ ഹര്‍ഷാദ് തമിഴ്‌നാട്ടില്‍ പിടിയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയിൽ ചാടിയ തടവുകാരൻ 40 ദിവസത്തിനു ശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിനു താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയേയും (21) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഹർഷാദിനെ ജയിൽ ചാടാൻ സൗകര്യമൊരുക്കിയ റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇരുവരുടെ താമസസ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചത്. 

ജയിൽ ചാട്ടത്തിന് ശേഷം ഹർഷാദ് ആദ്യം ബെംഗളൂരിലെത്തുകയായിരുന്നു. ഇതോടെ അപ്സരയും ബെംഗളൂരുവിലെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് നേപ്പാൾ അതിർത്തി വരെയും ഡൽഹിയിലും എത്തി താമസിച്ചതായി മൊബൈൽ ടവർ ലോക്കേഷൻ പരിശോധയിൽ കണ്ടെത്തി. പിന്നീടാണ് തമിഴ്നാട്ടിലേക്ക് എത്തിയത്. തമിഴ്നാട്ടിൽ എത്തിയതിൽ പിന്നെ മൊബൈൽ ഫോണോ എടിഎമ്മോ ഇവർ ഉപയോഗിച്ചില്ല. അപ്സരയാണ് ഭാരതിപുരത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തമിഴ്നാട്ടിൽ എത്തിയ ആദ്യ നാളിൽ ശിവഗംഗയിൽ അപ്സരയും ഹർഷാദും സബ് കലക്ടറുടെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞു. പിന്നീടാണ് വാടകയ്ക്ക് എടുത്ത വേറൊരു വീട്ടിലേക്ക് താമസം മാറ്റിയത്. ടാറ്റൂ കലാകാരിയാണ് അപ്സര. ഇവർ മുൻപ് തലശ്ശേരിയിൽ ടാറ്റൂ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഹർഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു ജോലി. ഇവിടെ നിന്നാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്സര വിവാഹിതയാണ്. ഹർഷാദിനും ഭാര്യയും കുഞ്ഞുമുണ്ട്. 

ലഹരിക്കേസിൽ 10 വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ചു വരവേ ഇക്കഴിഞ്ഞ ജനുവരി 14നാണ് ഹർഷാദ് ജയിൽ ചാടിയത്. രാവിലെ 6.45ഓടെ പത്രം എടുക്കാൻ ജയിലിൽനിന്നും പുറത്തിറങ്ങിയ ഹർഷാദ്, തന്നെ ജയിലിന് മുന്നിൽ ഗേറ്റിനു സമീപം കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെൽഫെയർ ഓഫിസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന ഹർഷാദ് പതിവ് പോലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയതായിരുന്നു. ഹർഷാദിനെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് ജയിൽ അധികൃതർ ടൗൺ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും ഹർഷാദ് ബൈക്കിൽ കൂട്ടുപുഴ പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങളിൽ പൊലീസിന് വ്യക്തമായി. 

പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ചത് റിസ്വാനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ ഇയാൾക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. രണ്ടാഴ്ച മുൻപ് റിസ്വാൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. റിസ്വാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ഹർഷാദിനെ കണ്ടെത്താനായത്. പിടിച്ചുപറി, കവർച്ച, അടിപിടി, കഞ്ചാവ് വിൽപ്പന എന്നിങ്ങനെ ഹർഷാദിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 17 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹർഷാദിനെ തടവുചാടാൻ സഹായിച്ച മുഴുവൻ പേരെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യുമെന്നു ടൗൺ എസിപി കെ.വി.വേണുഗോപാൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button