24.5 C
Kottayam
Monday, May 20, 2024

പന്ത് പുറത്ത്, സഞ്ജു നാട്ടിൽ, വിക്കറ്റ് കാക്കാൻ രാഹുൽ; ഒന്നും മനസ്സിലാകുന്നില്ലെന്ന് ഭോഗ്‍ലെ

Must read

മിർപുർ (ബംഗ്ലദേശ്) ∙ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ഏകദിന ലോകകപ്പ് ഒരു വർഷം അകലെ നിൽക്കെ, അവസരം കാത്തുനിൽക്കുന്ന സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാർക്കു പകരം കെ.എൽ.രാഹുലിനെ വിക്കറ്റ് കാക്കാൻ നിയോഗിച്ചതിനെയാണ് ഭോഗ്‍ലെ ചോദ്യം ചെയ്തത്. ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.

‘‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.

ലോകകപ്പ് മുൻനിർത്തി വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് രാഹുലിനെയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് കാണുന്നതെങ്കിൽ, ഇനിമുതൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) രാഹുൽ തന്നെ വിക്കറ്റ് കീപ്പറാകണമെന്ന് ഭോഗ്‍ലെ നിർദ്ദേശിച്ചു. ‘ലോകകപ്പിൽ ‍രാഹുലിനെ വിക്കറ്റ് കീപ്പറുടെ ജോലി ഏൽപ്പിക്കുകയെന്നതാണ് ദീർഘകാല പദ്ധതിയെങ്കിലും, ഇനിയങ്ങോട്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ) രാഹുൽ തന്നെ വിക്കറ്റ് കീപ്പറുടെ ചുമതല നിർവഹിക്കണം’ – ഭോഗ്‍ലെ കുറിച്ചു.

ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച അവസരത്തിൽ ഋഷഭ് പന്തിനെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഒന്നാം ഏകദിനത്തിനു തൊട്ടു മുൻപാണ്, മെഡിക്കൽ ടീമുമായി നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ പന്തിനെ ടീമിൽനിന്ന് മാറ്റിയതായി ബിസിസിഐ അറിയിച്ചത്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി താരം ടീമിനൊപ്പം വീണ്ടും ചേരുമെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പന്തിന്റെ അസാന്നിധ്യത്തിൽ പകരക്കാരനെ ബംഗ്ലദേശിലേക്ക് അയയ്ക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, വിജയ സാധ്യതകൾ മാറി മറിഞ്ഞ ഒന്നാം ഏകദിനത്തി‍ൽ ബംഗ്ലദേശ് ഇന്ത്യയെ ഒരു വിക്കറ്റിനു തോൽപ്പിച്ചു. 187 റൺസ് എന്ന നിസ്സാര വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ മൂന്നിന് 95 എന്ന സുരക്ഷിത നിലയിലായിരുന്നു. തുടർന്ന് 41 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തി ബോളർമാർ തിരിച്ചടിച്ചതോടെ ഇന്ത്യയ്ക്കു വിജയപ്രതീക്ഷയായി. എന്നാൽ മെഹ്‌ദി ഹസ്സൻ (38 നോട്ടൗട്ട്) മുസ്തഫിസുർ റഹ്മാനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ നേടിയ 50 റൺസിന്റെ കരുത്തിൽ, കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ ബംഗ്ലദേശ് വിജയം പിടിച്ചെടുത്തു. 

ഈ വർഷം ഏകദിനത്തിൽ ഇന്ത്യയുടെ ഏഴാം തോൽവിയാണിത്. 2022ൽ ഇന്ത്യ ആകെ കളിച്ചത് 22 ഏകദിന മത്സരങ്ങൾ. അതിൽ 13 ജയം, 7 തോൽവി. 2 മത്സരങ്ങളിൽ ഫലമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week