കൊച്ചി: പുരാവസ്തു വില്‍പനയുടെ പേരില്‍ പലരില്‍നിന്നായി കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയടക്കം തന്റെ വീട്ടില്‍ വന്ന് പുരാവസ്തുക്കള്‍ കണ്ടുവെന്ന് അവകാശപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ വീഡിയോയും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ബെഹ്‌റയുടെ ചിത്രവും പുറത്തുവന്നിരുന്നു. ഇതോടെ, സംഭവത്തില്‍ ബെഹ്റയെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്.
ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വില്‍ക്കാന്‍ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ഊളയാണല്ലോ ഒന്നൊന്നര വര്‍ഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചത് എന്നാണു ഹാരീഷ് വാസുദേവന്‍ പരിഹസിക്കുന്നത്.
‘ഡ്യൂപ്ലിക്കേറ്റ് അംശവടിയും അത് വില്‍ക്കാന്‍ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ഊളയാണല്ലോ ഒന്നൊന്നര വര്‍ഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചത് എന്നോര്‍ക്കുമ്പോ, അയ്യേ.. ഈ പൊങ്ങന്‍ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാന്‍ കാത്തിരിക്കൂ.. വാള്‍ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും’, ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതിനിടെ മോന്‍സണ്‍ മാവുങ്കലിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മോന്‍സണ്‍ മാവുങ്കലിന് വേണ്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ഡല്‍ഹിയില്‍ ഇടപെട്ടുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മോന്‍സന്‍ മാവുങ്കലിന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ‘കെ.സുധാകരന്‍ എം.പി നിരവധി തവണ ടിയാന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ട്. പത്ത് ദിവസം ടിയാന്റെ വീട്ടില്‍ സുധാകരന്‍ താമസിച്ചതായും ടിയാന്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത് സുധാകരന്‍ ഡല്‍ഹിയിലെ ടിയാന്റെ വിഷയത്തില്‍ വന്ന പല തടസങ്ങളും നീക്കി നല്‍കിയെന്നും മോന്‍സന്‍ ഞങ്ങളോട് പറഞ്ഞിരുന്നു’, പരാതിയില്‍ യാക്കൂബ് വ്യക്തമാക്കുന്നു.
2018 നവംബര്‍ 22 ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കുന്നു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.
കെ സുധാകരന് പുറമെ എറണാകുളം എംപി ഹൈബി ഈഡനെതിരെയും ആരോപണമുണ്ട്. ഹൈബിക്ക് മോന്‍സന്‍ മാവുങ്കലുമായി അടുത്ത സൗഹൃദമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഐജി ശ്രീലേഖ, കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് ലാലി വില്‍സണ്‍, മുന്‍ മന്ത്രി, മോന്‍സ് ജോസഫ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയ ഉന്നതരെല്ലാം വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോസ് മോന്‍സണ്‍ കാണിച്ചിരുന്നുവെന്നും തങ്ങളെ മൂന്നിലിരുത്തി ഇവരെയെല്ലാം വിളിച്ചു പുരാവസ്തു ബിസിനസിനെക്കുറിച്ചും ഡല്‍ഹിയിലെ ഫെമയിലെ വിഷയങ്ങളെ കുറിച്ചും സംസാരിച്ചിരുന്നുവെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു.