27.3 C
Kottayam
Thursday, May 30, 2024

കള്ളക്കണക്ക് ഉണ്ടാക്കിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മെട്രോ വെളുപ്പിച്ച് എടുത്തതും കേന്ദ്ര അനുമതി വാങ്ങിച്ചതും; ഹരീഷ് വാസുദേവന്‍

Must read

കൊച്ചി: 5000 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയ മെട്രോ നാല് വര്‍ഷം കൊണ്ട് 1092 കോടി രൂപയുടെ നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നതെന്ന വാര്‍ത്തയോട് പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സ്വകാര്യ ഏജന്‍സികള്‍ ഉണ്ടാക്കുന്ന കള്ളക്കണക്കുകള്‍ വെച്ചാണ് പൊതുജനത്തിന്റെ പണം എടുത്ത് കിഫ്ബി ആയാലും സര്‍ക്കാര്‍ ആയാലും ഇത്തരം പദ്ധതികള്‍ക്ക് നല്‍കുന്നത് എന്ന് ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

2020 ല്‍ പ്രതിദിനം 4.6 ലക്ഷം പേര്‍ ഉപയോഗിക്കുമെന്ന കള്ളക്കണക്ക് ഉണ്ടാക്കിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മെട്രോ വെളുപ്പിച്ചു എടുത്തതും കേന്ദ്രാനുമതി വാങ്ങിച്ചതും. ഒട്ടും റിയലിസ്റ്റിക്ക് അല്ലാത്ത, ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ, ഉണ്ടാക്കിയ കോട്ടത്താപ്പ് കണക്ക് ആണതെന്ന് ഹരീഷ് അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനനഷ്ടം 1000 കോടി കവിഞ്ഞെന്നു റിപ്പോര്‍ട്ട്.

സ്വകാര്യ ഏജന്‍സികള്‍ ഉണ്ടാക്കുന്ന കള്ളക്കണക്കുകള്‍ വെച്ചാണ് പൊതുജനത്തിന്റെ പണം എടുത്ത് കിഫ്ബി ആയാലും സര്‍ക്കാര്‍ ആയാലും ഇത്തരം പദ്ധതികള്‍ക്ക് നല്‍കുന്നത്.

2020 ല്‍ പ്രതിദിനം 4.6 ലക്ഷം പേര്‍ ഉപയോഗിക്കുമെന്ന കള്ളക്കണക്ക് ഉണ്ടാക്കിയാണ് UDF സര്‍ക്കാര്‍ മെട്രോ വെളുപ്പിച്ചു എടുത്തതും കേന്ദ്രാനുമതി വാങ്ങിച്ചതും. ഒട്ടും റിയലിസ്റ്റിക്ക് അല്ലാത്ത, ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ, ഉണ്ടാക്കിയ കോട്ടത്താപ്പ് കണക്ക് ആണത്. സമ്പൂര്‍ണമായും സൗജന്യമായി യാത്ര അനുവദിച്ച ദിവസം പോലും മെട്രോയില്‍ 50,000 പേരാണ് കയറിയത് !

എന്നുവെച്ചാല്‍, ഇനി പ്രവര്‍ത്തനനഷ്ടം ഇല്ലാതാക്കാന്‍ എത്ര വര്‍ഷം കഴിയേണ്ടിവരും അതുവരെ എത്ര നൂറുകണക്കിന് കോടികള്‍ മുടക്കേണ്ടി വരും

”ഇത്തരം പദ്ധതികള്‍ക്ക് ലാഭവും നഷ്ടവും അല്ല, ദീര്‍ഘകാല ഉപയോഗമൂല്യമാണ് നോക്കേണ്ടത്” എന്ന വാദം സമ്മതിച്ചാലും അതിന്റെ പോലും ഫീസിബിലിറ്റി നോക്കുന്നത് ശാസ്ത്രീയമാവണം. നിര്‍മ്മാണത്തിന് മുടക്കുന്ന കോടികള്‍ ഒക്കെ നഷ്ടമാകട്ടെ എന്നു കണക്കാക്കിയാലും പ്രവര്‍ത്തനചെലവ് ഉറപ്പാക്കാന്‍ കഴിയണം. ലോകത്ത് എല്ലായിടത്തും ഒരു മാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പദ്ധതിയുടെ ഫീസിബിലിറ്റി നോക്കുന്നതിനു ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൊച്ചി മെട്രോയുടെ കാര്യത്തില്‍ പണം മുടക്കിയ സര്‍ക്കാര്‍ ഇത് നോക്കിയോ

ക്ഷയിച്ച തറവാട്ടില്‍ പിന്നെയും കടം വാങ്ങി ഒരു ആനയെയോ ബെന്‍സ് കാറോ അല്ലെങ്കില്‍ ആംബുലന്‍സോ വാങ്ങിക്കാം എന്നു പറഞ്ഞാല്‍, വേണ്ടെന്ന് പറയാന്‍ മിക്കവാറും അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഭാവിയില്‍ അത് ആവശ്യമാണ് എന്നൊക്കെ ന്യായവും പറയും. തറവാട്ടിലെ ആവശ്യത്തിനു അപ്പപ്പോള്‍ ടാക്‌സി വിളിക്കുകയല്ലേ ലാഭം എന്ന വസ്തുതാപരമായ ചോദ്യം കാരണവന്‍മാരുടെ തലയില്‍ കയറില്ല.

ഇത്ര ആളുകള്‍ക്ക് ആവശ്യമുണ്ട് എന്ന ഊതിപ്പെരുപ്പിച്ച കള്ളക്കണക്കിന്റെ മാത്രം ബലത്തില്‍, സ്റ്റേറ്റിന്റെ പ്രയോറിറ്റികള്‍ അട്ടിമറിച്ചാണ് കൊച്ചി മെട്രോയ്ക്ക് അനുമതികള്‍ നല്‍കിയത്. ഈ നഷ്ടത്തിന് കാരണം അവരാണ്. ഈ കള്ളക്കണക്ക് കണ്ടിട്ടും അതിനു അനുമതിയും പണവും നല്‍കിയവര്‍. അത് ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചവര്‍. അതില്‍ സെക്ഷന്‍ ക്ലര്‍ക്ക് മുതല്‍ മുഖ്യമന്ത്രി വരെ ഉണ്ടാകും. ആരൊക്കെ എന്നറിയാന്‍ ഫയലുകള്‍ കാണണം.

അവര്‍ക്ക് ജനങ്ങളോട് എന്ത് അക്കൗണ്ടബിലിറ്റി ഉണ്ട് ആരൊക്കെയാണ് അവര്‍ ഫയല്‍ എടുത്താല്‍ അറിയാമല്ലോ. എന്തേ മാധ്യമങ്ങള്‍ക്ക് ഇത്തരം അന്വേഷണങ്ങള്‍ക്ക് താല്‍പ്പര്യമില്ല

പദ്ധതികളേ വേണ്ടെന്നല്ല, പഠനം കൃത്യമായിരിക്കണം. ‘സ്വപ്നപദ്ധതി’ എന്ന പേരില്‍ കള്ളക്കണക്ക് പറ്റില്ല.
ഇത്ര കോടി മുടക്കിയാല്‍ ഇത്ര പേര്‍ക്ക് ഇന്ന ലാഭം/മെച്ചം കിട്ടും എന്നെങ്കിലും പണം കൊടുക്കുമ്പോള്‍ തെളിയണം. അറിഞ്ഞുകൊണ്ട് കള്ളക്കണക്ക് അംഗീകരിച്ചു, കടം വാങ്ങിയ പൈസ എടുത്തു പദ്ധതികള്‍ തുടങ്ങരുത്.

Let’s plan development on realistic Studies. കള്ളക്കണക്കിന്റെ പേരില്‍ പൊതുപണം ധൂര്‍ത്തടിക്കാതെ ഇരിക്കാം. ശാസ്ത്രീയമായ ഫീസിബിലിറ്റി റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ സ്വപ്നപദ്ധതികള്‍ക്ക് പണം കൊടുത്ത ഉദ്യോഗസ്ഥരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു പുറത്താക്കാം..

എന്താ കണക്കില്‍ നമുക്കൊരു ശാസ്ത്രീയത വേണ്ടേ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week