കൊച്ചി:മലയാളികള്‍ക്കേറെ സുരചരിചിതനായ താരമാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ നിലപാട് തുറന്നു പറയുന്നതിന്റെ പേരില്‍ കലാകാരന്മാരെ ആരാധനാലയങ്ങളിലെ പരിപാടികളില്‍ നിന്ന് വിലക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍.
‘ഒരു 6 കൊല്ലം മുമ്പ് വരെ’ ഇവിടെ ജാതി പ്രശ്‌നം ഒന്നും ഇല്ല , വളരെ പ്രശാന്ത സുന്ദരം ആണ് , ഇവിടെ പ്രശ്‌നം ഉന്നയിക്കുന്നവര്‍ പറയുന്നത് ഇരവാദം ആണ്’ എന്നത് പോലത്തെ ഭൂലോക മണ്ടത്തരം സോഷ്യല്‍ മീഡിയയില്‍ വിളമ്പിയിട്ടുണ്ട് ഞാന്‍, കുറച്ചു വൈകി ആണെങ്കിലും എനിക്ക് കുറച്ചെങ്കിലും ബോധം വെച്ചിട്ടുണ്ട് എനിക്ക് ഇപ്പൊ.
ഒരു കലാകാരനെ/കലാകാരിയെ അവരുടെ നിലപാടിന്റെ പേരില്‍ ആരാധനങ്ങളില്‍ പാടുന്നതില്‍ നിന്ന് അങ്ങ് ബഹിഷ്‌കരിച്ചു കളയും എന്ന് പറയുന്നവരോടും, ഉളുപ്പില്ലാതെ അവരോടു ജാതി അധിക്ഷേപം പറയുന്ന സ്വയം വിശ്വാസി എന്ന് അവകാശപ്പെടുന്നവരോടും പറയാന്‍ ഉള്ളത് , നിലപാടു എടുക്കാനും , അതിനെ എതിര്‍ക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് തരുന്നുണ്ട്.
എതിര്‍ അഭിപ്രായം ഉള്ളവരെ ക്യാന്‍സല്‍ ചെയ്തു വായടപ്പിക്കാന്‍ ഉള്ള ശ്രമം ചെറുക്കപ്പെടും. എതിര്‍ അഭിപ്രായം പറയുന്നവരെ ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവനോട് ഒക്കെ എന്ത് സഹിഷ്ണുത കാണിക്കാനാണ്? വിഷയത്തെ വിഷയം കൊണ്ട് നേരിടാന്‍ പറ്റാത്തവര്‍ ആ പണിക്ക് ഇറങ്ങരുത്.
മനസ്സില്‍ പ്രകാശവും നന്മയും ഉള്ള ഒരുപാട് വിശ്വാസികള്‍ ഉള്ള നാടാണ് നമ്മുടേത്, ആ വിശ്വാസത്തില്‍ അചഞ്ചലം ആയി ഉറച്ചു നിന്നുകൊണ്ട് തന്നെ സമൂഹത്തിലെ തിന്മകളെ ചൂണ്ടി കാണിക്കാന്‍ ആര്‍ജവം ഉള്ളവര്‍.
അവര്‍ ഉള്ളേടത്തോളം ഒരു കലാകാരനെ/കലാകാരിയെ നിങ്ങളുടെ വെറുപ്പിന് ഒരു ചുക്കും ചെയ്യാന്‍ ആവില്ല. നല്ല ഒരു മനുഷ്യന്‍ ആവാന്‍ ശ്രമിക്കേടോ, അങ്ങനെ അല്ലാത്ത ഒരാളുടെ കൂടെ എന്ത് ദൈവ ചൈതന്യം ഉണ്ടാവാന്‍ ആണ്?’ എന്നാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നത്.