CrimeEntertainmentKeralaNews

ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്, അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കു…കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്; ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

കൊച്ചി:അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കുമെന്നും കാരണം, അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണെന്ന് നടന്‍ ഹരീഷ് പേരടി.

പിണറായി അമേരിക്കയില്‍ ചികിത്സയ്ക്കു പോകുമ്പോള്‍ സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കുമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും…കാരണം അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണ് …ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്…പിണറായി അമേരിക്കയില്‍ ചികല്‍സക്കുപോവും..കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്…സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും..കിട്ടിയാല്‍ കിട്ടി..പോയാല്‍ പോയി..കാരണം സാധാരണക്കാരന്‍ വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്‍മാരാണ്…

അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും…കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്… ഞാനിനിയും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടും..കാരണം നമ്മള്‍ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ് …അമേരിക്കയില്‍ നിന്ന് വന്ന ആള്‍ക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ് …ശരിക്കും നമ്മള്‍ എത്ര ഭാഗ്യവന്‍മാരണല്ലെ…

കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തലവനായ എസ് ശ്രീജിത്തിനെ മാറ്റിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ എസ് ശ്രീജിത്തിനെ മാറ്റിയതിന്റെ പിന്നില്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഇടപെടലാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കെകെ രമ എംഎല്‍എ. ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് കെകെ രമ ഇതേകുറിച്ച് പറഞ്ഞത്.

ടിപി കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും വ്യക്തമായി പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള. അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും പുറത്തുവരുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്നാണ് കെകെ രമ പറഞ്ഞത്. രാമന്‍പിള്ള അടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ എത്തില്ലെന്നും രമ പറഞ്ഞു.

‘കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാമന്‍പിള്ള അടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണിത്. ഈ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ എത്തില്ല. മികച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് അന്വേഷണസംഘത്തിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ക്ക് പരിമിതിയുണ്ട്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. അഭിഭാഷകര്‍ തന്നെ നേരിട്ട് മൊഴി മാറ്റുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ ചോരുകയാണ്.

ആരെയാണ് വിശ്വസിക്കുക. കോടതിയില്‍ പോലും സുരക്ഷിതത്വമില്ല. ഇങ്ങനെ പോയാല്‍ എവിടെയാണ് സാധാരണക്കാര്‍ക്ക് നീതി ലഭിക്കുക. യഥാര്‍ത്ഥ പ്രതികളിലേക്ക് എങ്ങനെയാണ് അന്വേഷണം എത്തുക. 51 സാക്ഷികളെയാണ് ടിപി കേസില്‍ കൂറുമാറ്റിയത്. ആ കേസില്‍ പ്രധാനപ്പെട്ട ആളുകളുടെ അഭിഭാഷകനായിരുന്നു രാമന്‍പിള്ള. അപ്പോള്‍ ഇതൊരു പ്രത്യുപകരമാണ്.
സിപിഐഎമ്മിലെ ചില ആളുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രാമന്‍പിള്ളയ്ക്ക് അറിയാമെന്നാണ് എന്റെ വിശ്വാസം. ഇതിനെ ഒരു വില പേശലായിട്ടാണ് ഞാന്‍ കാണുന്നത്. ടിപി കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള. അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും അദ്ദേഹം പറയുമെന്ന് ഭയം സര്‍ക്കാരിനുണ്ട്’ എന്നും കെകെ രമ പറഞ്ഞു.

അതേസമയം, അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഇടതുപക്ഷക്കാരായ മലയാളികളെപ്പോലും ബോദ്ധ്യപ്പെടുത്തുവനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്? ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജീത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം ആ സംശയമാണുണ്ടാക്കുന്നത്. കേസന്വേഷണം പുരോഗമിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഇടതുപക്ഷസര്‍ക്കാരിലുള്ള വിശ്വാസ്യതയെ തീര്‍ത്തും സംശയാസ്പദമാക്കിയിരിക്കുന്നു. ഒരു മാര്‍ക്സിസ്റ്റായിരിക്കുന്നതില്‍ എക്കാലത്തും അഭിമാനിക്കുന്ന എന്നെപ്പോലുള്ള നിരവധിയാളുകളെ ഈ സര്‍ക്കാരിന്റെ ചെയ്തി ലജ്ജിപ്പിക്കുന്നു.

പൗരനെന്ന നിലയില്‍ ആ സംഭവത്തിലുള്ള എന്റെ പ്രതിഷേധവും, നിയമസംവിധാനത്തെ അട്ടിമറിക്കുവാന്‍ കുറ്റവാളികളോടൊപ്പം കൂട്ടുനില്‍ക്കുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പിനെക്കുറിച്ചുള്ള ആശങ്കയും രേഖപ്പെടുത്താതെവയ്യ. കേരളസര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ആ നിഴല്‍ വരാനിരിക്കുന്ന വലിയ അന്ധകാരത്തിന്റെ മുന്നോടിയാണ്. സര്‍ക്കാര്‍ ഈ തെറ്റായ നടപടി തിരുത്തിയേ തീരൂ. അതുണ്ടായില്ലെങ്കില്‍, സര്‍ക്കാരിനെന്നപോലെ കേരളത്തിനും അത് ദോഷകരമായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button