കണ്ണൂര്‍: തലശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വധിക്കാന്‍ പ്രതികള്‍ നേരത്തെയും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. ഈ മാസം 14ന് കൊലപാതകം നടത്താനാണ് പദ്ധതിയിട്ടതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. കേസുമായി ബന്ധപ്പെട്ട് കണ്ണവം പോലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. കേസിലെ പ്രതിയായ ലിജേഷിന്റെ അടുത്ത ബന്ധുവാണ് സുരേഷ്. ഇയാളെ ഇന്നലെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
കൊലപാതകത്തിന് അരമണിക്കൂര്‍ മുന്‍പ് ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. രാത്രിയില്‍ വാട്സ്ആപ്പ് കോളില്‍ ഇരുവരും നാല് മിനിട്ട് സംസാരിച്ചു. കൊല നടന്നതിന്റെ പിറ്റേ ദിവസം രാവിലെയും ഇരുവരും സംസാരിച്ചു. നിലവില്‍ സുരേഷിന്റെ ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം കേസില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ആളെ വിട്ടയച്ചു. പുന്നോല്‍ സ്വദേശി നിജില്‍ ദാസിനെയാണ് വിട്ടയച്ചത്. നിജിലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്ക് മുന്‍പ് പ്രതിയും ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഫോണില്‍ ബന്ധപ്പെട്ട പോലീസുകാരനേയും ചോദ്യം ചെയ്‌തേക്കും.
ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലിജേഷ് ഉള്‍പ്പെടെ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.