കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും അതിനെ തുടര്‍ന്ന് തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റ്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണെന്ന് ഹരീഷ് പേരടി പറഞ്ഞു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്. നാളെ എ കെ ജി സെന്റ്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്. രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്…
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റ്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്…കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്.
നാളെ എ കെ ജി സെന്റ്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്…രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും…ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല …സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ, ശരിയോ മാത്രമെ അവര്‍ ചെയ്തിട്ടുള്ളു…ജാഗ്രതൈ…
ഒരു സര്‍വ്വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു…വായില്‍ പഴം കയറ്റിയ എല്ലാ സാംസ്‌കാരിക നായിക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…കലാകാരന്റെ രാഷ്ട്രിയം ഇതാണ്…അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും..എന്നിലെ കലാകാരന്റെ രാഷ്ട്രിയം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ വലിയ സംഘര്‍ഷമാണ് സംസ്ഥാത്ത് അരങ്ങേറിയത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘര്‍ഷഭരിതമാണ്.
പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് ഗാന്ധി പ്രതിമയുടെ തല ആക്രമികള്‍ വെട്ടിമാറ്റി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യാവീടിന് നേരെ ആക്രമണമുണ്ടായി. ഇന്ദിര ഭവന്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തി വീശി.
കൊല്ലത്ത് ചിന്നക്കടയില്‍ കോണ്‍ഗ്രസ് സി പി എം പ്രകടനങ്ങള്‍ ഒന്നിച്ചുവന്നതോടെ സംഘര്‍ഷം ഉടലെടുത്തു. കണ്ണൂര്‍ ഡി സി സി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
ആലപ്പുഴ നഗരത്തില്‍ മുസ്ലം ലീഗ് പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ചവിട്ടേറ്റുവീണ എം എസ് എഫ്. ജില്ലാ പ്രസിഡന്റും മണ്ണഞ്ചേരി നാലുതറ പള്ളി ഇമാമുമായ തൃക്കുന്നപ്പുഴ സ്വദേശി ഉവൈസ് ഫൈസിക്കു സാരമായി പരിക്കേറ്റു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ കൊടിയുമായി ഓടിയെത്തി സി പി എം. പ്രവര്‍ത്തകന്‍ മര്‍ദിച്ചു.