കൊച്ചി: പീഡന കേസുകളില്‍ കൊച്ചിയിലെ പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് (Makeup Artist) അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതല്‍ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. അനീസ് അന്‍സാരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ സ്വാധീനിക്കരുതെന്നു കോടതി.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. അനീസ് അന്‍സാരിക്കെതിരെ യുവതികള്‍ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കേസെടുത്തത്.
പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഒടുവില്‍ പരാതി നല്‍കിയത് ഇ-മെയില്‍ ആയാണ് യുവതി പരാതി നല്‍കിയത്. 2015ല്‍ തനിക്ക് നേരെ അനീസ് അന്‍സാരിയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നാണ് യുവതിയുടെ ആരോപണം.
വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ മോശമായി സംസാരിച്ചെന്നും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇ-മെയില്‍ വഴി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 3 കേസുകള്‍ അനീസ് അന്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത്. 2019ല്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീസ് അന്‍സാരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ വന്നത്. വിവാഹ മേക്കപ്പിന്റെ ട്രയലിനായി എത്തിയ തന്നോട് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യ പരാതി. ഇതോടെ മേക്കപ്പ് ചെയ്യുന്നത് നിര്‍ത്തി ഇറങ്ങിപ്പോരുകയും രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യുകയായിരുന്നു.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗികപീഡന പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും തന്റെ സ്ഥാപനത്തെ തകര്‍ക്കുവാനുള്ള നീക്കങ്ങളുടെ ഭാഗമാണ് അവയെന്നുമാണ് അനീസ് അന്‍സാരി കോടതിയില്‍ വാദിച്ചത്.