തെന്നിന്ത്യന്‍ താരം ഹൻസിക മോട്‌വാനിയുടെയും ഭര്‍ത്താവ് സൊഹേല്‍ ഖതൂരിയയുടേയും ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസി റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുമായി അടുത്ത ബന്ധമുള്ളയാളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
‘ഹന്‍സിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. സൊഹേല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പവും. വിവാഹത്തിനുശേഷം ഹന്‍സിക സൊഹേലിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ ആ വലിയ കുടുംബത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് പ്രശ്‌നമായി തോന്നിയതോടെ അതേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇരുവരും താമസം മാറി. എന്നാല്‍ പ്രശ്‌നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല.’ -ഹന്‍സികയും സൊഹേലുമായി അടുത്ത ബന്ധമുള്ളയാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
വാര്‍ത്തയോട് ഹന്‍സിക പ്രതികരിച്ചിട്ടില്ല. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് സൊഹേല്‍ ഖതൂരിയ രംഗത്തെത്തി. ‘ഇത് നുണയാണ്’ എന്ന ഒറ്റവാക്കിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. അതേസമയം വേര്‍പിരിഞ്ഞാണോ ജീവിക്കുന്നത്, വിവാഹമോചനത്തിലേക്ക് നീങ്ങുകയാണോ എന്നീ ചോദ്യങ്ങളോട് സൊഹേലും പ്രതികരിച്ചില്ല.
35-കാരനായ സൊഹേലും 33-കാരിയായ ഹന്‍സികയും 2022 ഡിസംബറിലാണ് വിവാഹിതരായത്. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹം ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്ന പേരില്‍ ടെലിവിഷന്‍ ഷോയായി സംപ്രേഷണം ചെയ്തിരുന്നു.
ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സികയുടെ സിനിമാപ്രവേശം. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാല്‍, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രഷ്മിയ നായകനായി എത്തിയ ആപ്കാ സുരൂര്‍ എന്ന ചിത്രത്തിലൂടെയാണ്. ശേഷം കന്നഡയിലും തമിഴിലും തെലുങ്കിലും നടി നായികയായി അഭിനയിച്ചു.


