ആലപ്പുഴ:സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണത്തില്‍ ഇരയാക്കപ്പെട്ടതോടെ ഒന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിൽ മാവേലിക്കര മാന്നാറിലെ ഒരു കുടുംബം.കുളിമുറിയിലെ ഡ്രെയ്‌നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോൾ ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും ആണ് പിന്നീട് വിനയായി മാറിയത്.
മാവേലിക്കര മാന്നാറില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബം കടുത്ത മനോവിഷമമാണ് നേരിടുന്നത്
ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകാന്‍ പോലും സാധിക്കുന്നില്ല.മകളുടെ കൂട്ടുകാരുടെ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.
‘രണ്ടു ദിവസമായി ഡ്രെയ്‌നേജില്‍ പ്രശ്നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്‌നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്‌നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്.
വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.