റിയാദ്: ഹജ്ജിന് പോകുന്നവർ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് അറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. 10 കൊവിഡ് വാക്സിനുകൾക്കാണ് ആരോഗ്യമന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം.
ഫൈസര്‍/ബയോ എന്‍ടെക് (രണ്ട് ഡോസുകൾ), മോഡേണ (രണ്ട് ഡോസുകൾ), ഓക്സ്ഫോഡ്/ആസ്ട്രസെനിക (രണ്ട് ഡോസുകൾ),ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ (ഒരു ഡോസ്),കോവാക്സ് (രണ്ട് ഡോസുകൾ),നുവാക്സോവിഡ് (രണ്ട് ഡോസുകൾ), സിനോഫാം (രണ്ട് ഡോസുകൾ), സിനോവാക് (രണ്ട് ഡോസുകൾ),കോവാക്സിൻ (രണ്ട് ഡോസുകൾ), സ്പുട്നിക് വി (രണ്ട് ഡോസുകൾ).
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന് 65 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് അനുമതിയുള്ളത്. ഇവർ വാക്സിൻ പൂർണമായും സ്വീകരിച്ചവരായിരിക്കണം. മാത്രമല്ല 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് പിസിആർ നെഗറ്റീവ് റിപ്പോർട്ടും കരുതണം.ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി, തീർത്ഥാടകർ, പ്രത്യേകിച്ച് പ്രായമായ വ്യക്തികൾ, ചടങ്ങുകൾ നടത്തുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
വിദേശികളും സ്വദേശികളുമടക്കം 10 ലക്ഷം തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹജജ് നിർവ്വഹിക്കാനുള്ള അനുമതി ഉള്ളത്. അനുമതിയില്ലാതെ ഹജജ് കര്‍മ്മത്തിനുപോകുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു. പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.