കൊച്ചി: ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഡിസംബർ 12ന് പരിഗണിക്കും. മകൾ ചിലരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണെന്നും, മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് തുടങ്ങിയെന്നും അദ്ദേഹം തന്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മലപ്പുറം സ്വദേശി സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണ് മകൾ ഉള്ളതെന്നാണ് അശോകൻ ഹർജിയിൽ ആരോപിക്കുന്നത്. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും പിന്നീട് ക്ലിനിക്കിലേക്ക് പോവുകയും ചെയ്‌തിരുന്നുവെന്ന് പറഞ്ഞ അശോകൻ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ചൂണ്ടിക്കാട്ടി.
വിളിക്കുമ്പോൾ പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഡിസംബർ മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഹാദിയ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു. ഇതോടെ തന്റെ ഭയം വർധിച്ചുവെന്നും അശോകൻ പറയുന്നു.
മകളുടെ ജീവന്‍ അപകടത്തിലായേക്കുമെന്നും, അവളെ തടവില്‍ വച്ചിരിക്കുന്നവര്‍ക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകന്‍ ഹർജിയിൽ ആരോപിക്കുന്നു. ഹാദിയ തടങ്കലിലാണെന്നും, സ്വതന്ത്രയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും അശോകന് വേണ്ടി അഭിഭാഷകന്‍ സി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം, താൻ പുനർ വിവാഹിതയാണെന്നും, തിരുവനന്തപുരത്ത് ഭർത്താവിനോടൊപ്പം കഴിയുകയാണെന്നുമാണ് ഹാദിയ കഴിഞ്ഞ ദിവസം പറഞ്ഞത്. അച്ഛനെ സംഘപരിവാർ ആയുധമാക്കുകയാണെന്നും അവർ പ്രതികരിച്ചിരുന്നു.
സുപ്രീം കോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്‌തത്. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. ആ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ച് തന്നത്. ആ സമയത്ത് ഞാൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചിരുന്നു. അത് കോടതിയും അംഗീകരിച്ചു. പിന്നീട് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായപ്പോൾ ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. നടപടികൾ എല്ലാം പൂർത്തിയാക്കി; ഹാദിയ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.