തിരുവനന്തപുരം:ജമ്മു കശ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രിമന്ത്രി കെഎൻ ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അന്തിമോപചാരമർപ്പിച്ചു. പാങ്ങോട് സൈനിക ആശുപത്രിയിലാവും ഇന്ന് മൃതദേഹം സൂക്ഷിക്കുക. നാളെ രാവിലെ ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
https://youtube.com/shorts/9OrgGzSlEh8?feature=share
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂർ ആശാൻമുക്ക് ശിൽപാലയത്തിൽ വൈശാഖ്(24) ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരികുമാർ-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവർഷം മുമ്പാണ് കരസേനയിൽ ചേർന്നത്. മറാഠ റെജിമെന്റിൽ ആയിരുന്നു. ഏഴുമാസം മുമ്പാണ് പഞ്ചാബിൽനിന്ന് കശ്മീരിൽ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടിൽ വന്നിരുന്നു. ശിൽപ സഹോദരിയാണ്