പ്രണയ വിവാഹം ഒരു മാസം മുമ്പ്; ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് ക്രൂരപീഡനം; ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിച്ചു; മലപ്പുറത്ത് ജിം പരിശീലകൻ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം. രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം എടുത്തുവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് തല ചുമരില്‍ ഇടിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ഷഹീന്‍ ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം.

ഒരു മാസം മുന്‍പാണ് ഷഹീന്‍ പ്രണയിച്ച് വിവാഹിതനായത്. ജിംനേഷ്യം പരിശീലകനായ ഷഹീന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം എടുത്തുവയ്ക്കാന്‍ താമസിച്ചെന്നു പറഞ്ഞ് ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് യുവതി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെനിന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

ഷഹീന്റെ വീട്ടില്‍വച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്നും വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. ഷഹീനെ കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News