ഗുരുവായൂര്‍:പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവി പിള്ളയുടെ മകന്‍ ഗണേശിന്റെ വിവാഹം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് നടത്തുന്നതെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ചയാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി ഗംഭീര അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുങ്ങുന്നത്.
പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്താണ് ചടങ്ങുകള്‍ നടത്തുന്നത്. രാഷ്ട്രീയ -സിനിമ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകള്‍ വരെ അലങ്കരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ വിവാഹം കോവിഡ് കാലത്ത് നടത്തുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.
അതിനിടെ ഗുരുവായൂരപ്പന് പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ വക സ്വര്‍ണ കിരീടം നടയ്ക്കുവെച്ചു. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് ആചാരപരവും വിശ്വാസപരമായ നിബന്ധനകള്‍ക്ക് അനുസൃതമായുമാണ് കിരീടം പണിതത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് കിരീടം നിർമ്മിച്ചത്.
14.45 കാരറ്റ് തൂക്കം വരുന്ന ഉന്നത നിലവാരമുള്ള മരതകക്കല്ല് പതിപ്പിച്ച കിരീടത്തിന് 725 ഗ്രാം തൂക്കം വരും. പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിൽ നിര്‍മ്മിച്ച കിരീടം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്.