NationalNews

BBC റെയ്ഡ് തുടരുന്നു; ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു, 2012മുതലുള്ള രേഖകൾ പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ബി.ബി.സി. ഡല്‍ഹി, മുംബൈ ഓഫീസുകളിലെ റെയ്ഡ് ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. രാത്രി വൈകിയും പരിശോധന തുടരുകയാണ്. റെയ്ഡില്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. അന്താരാഷ്ട്ര നികുതിയടക്കമുള്ളവയിലെ ക്രമക്കേടുകള്‍, ലാഭം വകമാറ്റല്‍, ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തില്‍ ക്രമക്കേടുകള്‍ എന്നിവ ആരോപിച്ചാണ് ആദായനികുതി റെയ്‌ഡെന്നാണ് വിശദീകരണം. 2012 മുതലുള്ള രേഖകളാണ് പരിശോധിച്ചുവരുന്നത്.

ചൊവ്വാഴ്ച പകല്‍ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്. പോലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു വിശദീകരണം. ഗുജറാത്ത് കലാപമടക്കം പരാമര്‍ശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പേയാണ് ബി.ബി.ബി. ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നത്. റെയ്ഡിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ പ്രതിപക്ഷം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെ പോകുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. വിനാശകാലേ വിപരീത ബുദ്ധിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോയെന്ന ചോദ്യവുമായി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.

റെയ്ഡ് പ്രതീക്ഷിച്ചിരുന്നതല്ലേയെന്ന് ചോദിച്ച രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രതികരണമെന്തായിരിക്കുമെന്നും ചോദിച്ചു. റെയ്ഡ് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുറ്റപ്പെടുത്തി. സത്യത്തിന്റെ ശബ്ദത്തെ ഞെക്കിക്കൊല്ലാനുള്ള പേടിച്ചരണ്ട സര്‍ക്കാരിന്റെ നടപടിയാണ് റെയ്‌ഡെന്നായിരുന്നു സി.പി.ഐയുടെ രാജ്യസഭാ എം.പി. ബിനോയ് വിശ്വത്തിന്റെ പ്രതികരണം. റെയ്ഡിന്റെ ഉദ്ദേശശുദ്ധി സംശയകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇത്തരം നടപടി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുമെന്ന് പ്രതികരിച്ചു. റെയ്ഡ് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമര്‍ശിച്ചിരുന്നു.

റെയ്ഡില്‍ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തെത്തി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയെ യഥേഷ്ടം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനങ്ങള്‍ എല്ലാം നിശബ്ദമായി കാണുന്നുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാഠം പഠിപ്പിക്കുമെന്നും ജനവിധി ദുരുപയോഗം ചെയ്ത് ഇന്ത്യന്‍ ജനാധിപത്യത്തേയും മാധ്യമസ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നവര്‍ ഓര്‍ക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് പറഞ്ഞ ശശി തരൂര്‍, ബി.ബി.സി. ഡോക്യുമെന്ററിക്കെതിരായ പ്രതികാരമായേ ലോകം കാണൂ എന്ന് വിമര്‍ശിച്ചിരുന്നു. എത്ര അപ്രതീക്ഷിതമായിരുന്ന റെയ്ഡെന്നായിരുന്നു തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയുടെ പരിഹാസം. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ബി.സിക്ക് മോദിയുടെ സമ്മാനമെന്ന് ബി.ആര്‍.എസ്. നേതാവ് വൈ. സതീഷ് റെഡ്ഡി പറഞ്ഞു.

ബി.ബി.സി. റെയ്ഡിനെ പിന്തുണച്ച് ബി.ജെ.പി. രംഗത്തെത്തി. രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെങ്കില്‍, മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ബി.ജെ.പി. വക്താവ് ഗൗരവ് ഭാട്ടിയ, ബി.ബി.സിയുടേത്‌ ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണെന്ന് വിമര്‍ശിച്ചു. വിഷം ചീറ്റാത്തിടത്തോളം കാലം എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ബി.ബി.സിയെ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍നാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇതിനിടെ, റെയ്ഡില്‍ പ്രതികരണവുമായി ബി.ബി.സിയും ബ്രിട്ടനും രംഗത്തെത്തി. റെയ്ഡിനോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ബി.സി. കൂട്ടിച്ചേര്‍ത്തു. നടപടികള്‍ നിരീക്ഷിച്ചുവരുന്നുവെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം. ഭരണത്തിലുള്ളവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്താമാധ്യമങ്ങളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഉപദ്രവിക്കുന്ന നീക്കം തുടര്‍ച്ചയാവുന്നത് ദുഃഖകരമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker