24.4 C
Kottayam
Sunday, May 19, 2024

ജയിലില്‍ തോക്കുമായി തടവുപുള്ളികളുടെ ഫോട്ടോഷൂട്ട്! വിവാദമായതോടെ കളിത്തോക്കെന്ന് വിശദീകരണം

Must read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലാ ജയിലില്‍ തോക്കുമായി കൊലക്കേസ് പ്രതികളുടെ ഫോട്ടോഷൂട്ട്. തോക്കിന് പുറമെ മദ്യം അടക്കം പ്രത്യേക ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതിന്റെ തെളിവുകള്‍ ഉള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ തടവുപുള്ളികളുടെ കയ്യിലുള്ളത് കളിമണ്ണു കൊണ്ടുണ്ടാക്കിയ തോക്കാണെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യോഗി സര്‍ക്കാര്‍. പ്രാദേശികമായി ഉണ്ടാക്കിയ ‘നാടന്‍ തോക്കാ’ണ് തടവുകാരുടെ കയ്യിലുള്ളതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.
കൊലക്കേസുകളില്‍ പ്രതികളായ ഗൗരവ് പ്രതാപ് സിങ്ങും അംരിശ് രാവത്തുമാണ് തോക്കുകളേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ജൂണ്‍ 23 മുതല്‍ തടവറയ്ക്കുള്ളിലെ കൊലപ്പുള്ളികളുടെ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. വിവാദമായതോടെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര വകുപ്പിന്റെ വിചിത്ര വിശദീകരണം ഇങ്ങനെ. അവരുടെ കയ്യിലുള്ള തോക്ക് കളിമണ്ണു കൊണ്ടുണ്ടാക്കിയതാണ്. ശരിക്കും തോക്കാണെന്ന് തോന്നാന്‍ കാരണം ആ തടവുപുള്ളികളില്‍ ഒരാള്‍ മികച്ച ചിത്രകാരനായത് കൊണ്ടാണ്. കളിമണ്ണിലുണ്ടാക്കിയ തോക്കില്‍ കറുത്ത ചായം നല്‍കി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
തോക്കിനെ പറ്റി ഇത്രയും വിചിത്രവാദം ഉന്നയിക്കുമ്പോഴും ജയിലിനുള്ളിലെ മൊബൈല്‍ ഫോണും തടവുപുള്ളികളുടെ വേഷവുമെല്ലാം യുപി പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇവര്‍ക്ക് മദ്യമടക്കം പ്രത്യേക ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിരിന്നതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു.
സംഭവം വിവാദമായതോടെ കര്‍ശന നടപടിയെടുക്കുമെന്ന് ജയില്‍ എഡിജിപി പ്രതികരിച്ചു. നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് എഡിജിപി വ്യക്തമാക്കിയത്. ഹെഡ് ജയില്‍ വാര്‍ഡന്‍മാരായ മാതാ പ്രസാദ്, ഹേംരാജ് എന്നിവര്‍ക്കും ജയില്‍ വാര്‍ഡര്‍ അവധേശ് സാഹുവിനും സലീം ഖാനുമെതിരെയാണ് നടപടിയുണ്ടാവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week