തോക്കുമായി നടുറോഡില്‍ കസേരയിട്ട് ഇരുപ്പുറപ്പിച്ച് സ്ത്രീ; ടെക്‌സാസില്‍ അഞ്ചു മണിക്കൂർ ഗതാഗത തടസ്സം

ടെക്‌സാസ്: അമേരിക്കയിലെ ടെക്സാസില്‍ ആയുധധാരിയായ ഒരു സ്ത്രീ നടുറോഡില്‍ കസേരയിട്ടിരുന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സംഭവത്തെ തുടര്‍ന്ന് ടെക്‌സസ് ഐ-45 ഫ്രീവേ അടച്ചിടേണ്ടി വന്നു. ഗതാഗത കുരുക്ക് കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഉച്ചയ്ക്ക് ഒന്നര മണിയോടെ ഒരു കാറില്‍ വന്നിറങ്ങിയ സ്ത്രീ കാറില്‍ നിന്ന് ഒരു മടക്കു കസേര പുറത്തെടുക്കുകയായിരുന്നു.

തുടര്‍ന്ന് അവര്‍ തോക്കുമായി നടുറോഡില്‍ കസേരയിട്ട് ഇരിക്കുകയായിരുന്നു. സ്ത്രീയെ എങ്ങനെയെങ്കിലും സമാധാനിപ്പിച്ച് തിരിച്ചയക്കാന്‍ നിരവധി ഉദ്യോഗസ്ഥരാണ് എത്തിയത്. എന്നാല്‍ അവര്‍ ആകട്ടെ ഒത്തുതീര്‍പ്പിന് തയ്യാറാകാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന് തൊട്ടു മുമ്പ് ഇവരുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. അധികൃതര്‍ ഒരു മാനസികരോഗ വിദഗ്ധനേയും സ്ഥലത്ത് എത്തിച്ച് ഇവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. സംഭവം അറിഞ്ഞ് ഇവരുടെ കുടുംബാംഗവും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

തുടര്‍ന്ന് മേഖലയിലെ ഗതാഗതം താറുമാറാകുക ആയിരുന്നു. കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെട്ടതോടെ ജനം വലഞ്ഞു. തന്റെ കുട്ടികളെ ആരോ ബന്ദികളാക്കിയിരിക്കുക ആണെന്നും അടിയന്തരമായി അവരെ മോചിപ്പിക്കണം എന്നുമായിരുന്നു ഈ സ്ത്രീയുടെ ആവശ്യം. ഇവര്‍ തോക്കുമായി എത്തിയത് ആരേയും ആക്രമിക്കാനല്ല മറിച്ച് ആത്മഹത്യ ചെയ്യാനാണെന്ന് സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. ആയുധം താഴെയിടാനുള്ള പോലീസിന്റെ ആവശ്യം അവര്‍ നിരാകരിച്ചു. കൂടാതെ റോഡിന്റെ മധ്യത്തില്‍ നിന്ന് മാറാനും അവര്‍ വിസമ്മതിച്ചു.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരം ആറരയോടെ സംഘര്‍ഷം സമാധാനപരമായി അവസാനിച്ചു. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീയെ എട്ടോളം പോലീസുകാര്‍ ചേര്‍ന്ന് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വന്നിരുന്നു. സാഹചര്യം സമാധാനപരമായി പരിഹരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും പോലീസ് നന്ദി അറിയിച്ചു. ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കാന്‍ അധികൃതര്‍ നേരത്തേ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നീട് ഗതാഗതം പുനരാരംഭിച്ചു എങ്കിലും വളരെ മന്ദഗതിയിലാണ് കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലായത്. തോക്കുമാ എത്തി ഗതാഗത തടസം സൃഷ്ടിച്ച സ്ത്രീയുടെ പേരോ വിശദാംശങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇവരുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്നും ഇനിയും വ്യക്തമല്ല. ഏതായാലും അഞ്ച് മണിക്കൂറോളം സമയമാണ് ഇവരുടെ നടുറോഡിലുള്ള ഇരിപ്പ് വന്‍ തോതിലുള്ള ഗതാഗത തടസം സൃഷ്ടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News